< Back
Kerala
സീനിയോരിറ്റി തര്‍ക്കം; 200ഓളം ഗ്രാമപഞ്ചായത്തുകളില്‍ സെക്രട്ടറിമാരില്ലസീനിയോരിറ്റി തര്‍ക്കം; 200ഓളം ഗ്രാമപഞ്ചായത്തുകളില്‍ സെക്രട്ടറിമാരില്ല
Kerala

സീനിയോരിറ്റി തര്‍ക്കം; 200ഓളം ഗ്രാമപഞ്ചായത്തുകളില്‍ സെക്രട്ടറിമാരില്ല

Alwyn K Jose
|
6 April 2018 5:31 PM IST

ജീവനക്കാരുടെ സീനിയോരിറ്റി തര്‍ക്കം മൂലം സംസ്ഥാനത്തെ ഇരുനൂറോളം ഗ്രാമപഞ്ചായത്തുകളില്‍ സെക്രട്ടറിമാരെ നിയമിക്കാന്‍ കഴിയുന്നില്ല.

ജീവനക്കാരുടെ സീനിയോരിറ്റി തര്‍ക്കം മൂലം സംസ്ഥാനത്തെ ഇരുനൂറോളം ഗ്രാമപഞ്ചായത്തുകളില്‍ സെക്രട്ടറിമാരെ നിയമിക്കാന്‍ കഴിയുന്നില്ല. സെക്രട്ടറി തസ്തികയിലേക്കുള്ള പ്രമോഷന്‍ സംബന്ധിച്ച് മിനിസ്റ്റീരിയല്‍ സ്റ്റാഫും നേരിട്ട് നിയമനം നേടിയവരും തമ്മിലുള്ള തര്‍ക്കം കോടതി കയറിയതാണ് പ്രശ്നമായത്. സെക്രട്ടറിമാരില്ലാത്തത് ഗുരുതരമായ സാഹചര്യമാണെന്നും സ്ഥിതി മറികടക്കാന്‍ എ ജിയുടെ നിയമോപദേശം തേടിയതായും തദ്ദേശവകുപ്പ് മന്ത്രി കെടി ജലീല്‍ മീഡിയവണിനോട് പറഞ്ഞു.

ഗ്രാമപഞ്ചായത്തുകളില്‍ ജോലി ചെയ്യുന്ന മിനിസ്റ്റീരിയല്‍ ജീവനക്കാരും നേരിട്ട് നിയമനം ലഭിച്ചവരും തമ്മിലുള്ള പ്രമോഷന്‍ തര്‍ക്കം സുപ്രീംകോടതിയില്‍ തീര്‍പ്പാകാതെ കിടക്കുകയാണ്. ഇതുമൂലം പ്രമോഷന്‍ വഴി സെക്രട്ടറി പദവിയിലെത്തേണ്ട ഇരുനൂറോളം പേര്‍ക്ക് ആ പദവി ലഭിച്ചില്ലെന്ന് മാത്രമല്ല ആ പോസ്റ്റുകള്‍ ഒഴിഞ്ഞ് കിടക്കുകയുമാണ്. ഗ്രാമപഞ്ചായത്തിന്‍റെ ക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ ശരിയാംവിധം നടപ്പാക്കാന്‍ കഴിയാത്ത ഗുരുതര സാഹചര്യമാണ് ഇതുമൂലം രൂപപ്പെട്ടത്. പ്രശ്നം ഗൌരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും സാഹചര്യം മറികടക്കാന്‍ എജിയോട് നിയമോപദേശം തേടിയതായും തദ്ദേശവകുപ്പ് മന്ത്രി കെടി ജലീല്‍ മീഡിയവണിനോട് പറഞ്ഞു. സുപ്രീംകോടതിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങി സര്‍ക്കാരിന് സെക്രട്ടറിമാരെ നിയമിക്കാം. അല്ലെങ്കില്‍ കോടതി വിധി വരും വരെ കാത്തിരിക്കുകയേ നിര്‍വാഹമുള്ളൂ. പഞ്ചായത്തുകളില്‍ സെക്രട്ടറിമാരില്ലാത്തത് പുതിയ സര്‍ക്കാരിന് മുന്നില്‍ ഒരു വെല്ലുവിളിയായി മാറുകയാണ്.

Similar Posts