< Back
Kerala
Kerala

കാരശ്ശേരിയില്‍ ഗെയില്‍ സര്‍വ്വേക്കിടെ സംഘര്‍ഷം; കുട്ടികളെ പൊലീസ് മര്‍ദ്ദിച്ചു

Sithara
|
15 April 2018 2:43 AM IST

കോഴിക്കോട് കാരശ്ശേരിയില്‍ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ സര്‍വ്വേ നടപടികളുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ കുട്ടികളെ പോലീസ് മര്‍ദ്ദിച്ചതായി പരാതി

കോഴിക്കോട് കാരശ്ശേരിയില്‍ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ സര്‍വ്വേ നടപടികളുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ കുട്ടികളെ പോലീസ് മര്‍ദ്ദിച്ചതായി പരാതി. രണ്ട് കുട്ടികളെ പൊലീസ് വലിച്ചെറിഞ്ഞതായാണ് ആരോപണം. മര്‍ദ്ദനമേറ്റ ഉമര്‍, മുഹമ്മദ് ഇജാസ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാരശ്ശേരി സര്‍ക്കാര്‍ പറമ്പില്‍ ഗെയില്‍ സര്‍വ്വേയ്ക്ക് എത്തിയവരെ നാട്ടുകാര്‍ തടഞ്ഞതിനെ തുര്‍ന്നായിരുന്നു സംഘര്‍ഷം. പോലീസ് ബലം പ്രയോഗിച്ച് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടയില്‍ രക്ഷിതാക്കളെ അറസ്റ്റ് ചെയ്യുന്നത് കണ്ട് ഓടിയെത്തിയ കുട്ടികളേയും പോലീസ് മര്‍ദ്ദിച്ചതായാണ് പരാതി. മേലേപുളമണ്ണില്‍ മുഹമ്മദ് ഉമര്‍, മുഹമ്മദ് ഇജാസ് എന്നീ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയിലും നാട്ടുകാരും പൊലീസും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. കൈകുഴക്ക് വേദനയുള്ളതായി പറഞ്ഞ കുട്ടികളുടെ കൈമുട്ടില്‍ എക്സ്റെ എടുത്ത നടപടിയെ ചൊല്ലിയായിരുന്നു തര്‍ക്കം. സര്‍വ്വേ തടഞ്ഞവരെ നീക്കുക മാത്രമാണ് ചെയ്തതെന്നും കുട്ടികളോട് അതിക്രമം കാട്ടിയിട്ടില്ലെന്നുമാണ് പൊലീസ് നിലപാട്.

Related Tags :
Similar Posts