< Back
Kerala
കുട്ടനാട്ടില്‍ ഭൂപരിഷ്കരണം അട്ടിമറിക്കപ്പെടുന്നു; ആര്‍ ബ്ലോക്ക് പൂര്‍ണമായി വന്‍കിടക്കാരിലേക്ക്കുട്ടനാട്ടില്‍ ഭൂപരിഷ്കരണം അട്ടിമറിക്കപ്പെടുന്നു; ആര്‍ ബ്ലോക്ക് പൂര്‍ണമായി വന്‍കിടക്കാരിലേക്ക്
Kerala

കുട്ടനാട്ടില്‍ ഭൂപരിഷ്കരണം അട്ടിമറിക്കപ്പെടുന്നു; ആര്‍ ബ്ലോക്ക് പൂര്‍ണമായി വന്‍കിടക്കാരിലേക്ക്

Muhsina
|
16 April 2018 11:32 PM IST

കേരളത്തിലെ ഭൂപരിഷ്കരണ നിയമം അട്ടിമറിക്കപ്പെടുന്നത് എങ്ങനെ എന്ന ചോദ്യത്തിന് ഏറ്റവും നല്ല ഉത്തരമാണ് കുട്ടനാട്ടിലെ ആര്‍ ബ്ലോക്ക്. കൃഷി ചെയ്യാന്‍ അനുയോജ്യമാക്കി സര്‍ക്കാര്‍ പതിച്ചു കൊടുത്ത ഭൂമിയില്‍..

കേരളത്തിലെ ഭൂപരിഷ്കരണ നിയമം അട്ടിമറിക്കപ്പെടുന്നത് എങ്ങനെ എന്ന ചോദ്യത്തിന് ഏറ്റവും നല്ല ഉത്തരമാണ് കുട്ടനാട്ടിലെ ആര്‍ ബ്ലോക്ക്. കൃഷി ചെയ്യാന്‍ അനുയോജ്യമാക്കി സര്‍ക്കാര്‍ പതിച്ചു കൊടുത്ത ഭൂമിയില്‍ നിരവധി വര്‍ഷങ്ങളായി കൃഷി ഇല്ലാതായിട്ടും ഭരണ സംവിധാനങ്ങളൊന്നും ഇതിന്റെ കാരണം അന്വേഷിക്കുകയോ പരിഹരിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല. ഇതിനെത്തുടര്‍ന്ന് അവിടെ താമസിക്കുന്ന സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും ജീവിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാവുകയും സ്ഥലം വന്‍കിടക്കാരായ ആളുകള്‍ക്ക് വിറ്റ് അവിടെ നിന്ന് മാറേണ്ട സ്ഥിതി ഉണ്ടാവുകയുമായിരുന്നു.

ആര്‍ ബ്ലോക്കിലെ 1400 ഏക്കര്‍ ഭൂമിയിലെ 1100 ഏക്കറും വന്‍കിടക്കാരുടെ കൈകളിലായിരുന്നു. മുരിക്കന്‍ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന 350 ഏക്കറാണ് മിച്ചഭൂമിയായി പിടിച്ചെടുത്ത് വിതരണം ചെയ്തത്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ 21 മോട്ടോര്‍ സ്ഥിരമായി പ്രവര്‍ത്തിപ്പിച്ച് വെള്ളം വറ്റിച്ച് ഹോളണ്ട് മാതൃകയില്‍ ക‍ൃഷി യോഗ്യമാക്കിയ ആര്‍ ബ്ലോക്കില്‍ 2012-13ലെ വെള്ളപ്പൊക്കത്തോടെ മോട്ടോറുകള്‍ കേടായി. ഭൂപരിഷ്കരണം അട്ടിമറിക്കപ്പെടാതെ നോക്കാന്‍ ചുമതലയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത് പരിഹരിക്കാന്‍ ഇടപെട്ടില്ല. ടൂറിസം മേഖലയില്‍ താല്പര്യമുള്ള ഭൂമാഫിയകള്‍ അവസരം മുതലെടുത്തു.

വെള്ളം കയറി ജീവിക്കാന്‍ കഴിയാതായതിനെത്തുടര്‍‍ന്ന് ഇവിടെയുണ്ടായിരുന്ന 107 കുടുംബങ്ങളില്‍ 31 കുടുംബങ്ങള്‍ ഒഴികെ ബാക്കിയെല്ലാവരും ആര്‍ ബ്ലോക്ക് ഉപേക്ഷിച്ചു പോയി. ബാക്കിയുള്ളവര്‍ നരകിച്ച് ജീവിക്കുന്നു. ഭൂപരിഷ്കരണത്തിലൂടെ ജന്മിമാരില്‍ നിന്ന് ലഭിച്ച ഭൂമി പുതിയ ജന്മിമാര്‍ക്ക് വിറ്റ് സ്ഥലം വിടലല്ലാതെ ഇവര്‍ക്ക മുന്‍പില്‍ മറ്റ് മാര്‍ഗങ്ങളില്ല.

Related Tags :
Similar Posts