< Back
Kerala
സോളാറിലെ നിയമോപദേശം: സര്‍ക്കാറിന് തലവേദനയായി മന്ത്രിസഭയിലെ ഭിന്നതസോളാറിലെ നിയമോപദേശം: സര്‍ക്കാറിന് തലവേദനയായി മന്ത്രിസഭയിലെ ഭിന്നത
Kerala

സോളാറിലെ നിയമോപദേശം: സര്‍ക്കാറിന് തലവേദനയായി മന്ത്രിസഭയിലെ ഭിന്നത

Sithara
|
21 April 2018 5:18 AM IST

വീണ്ടും നിയമോപദേശം തേടാനുള്ള തീരുമാനത്തെ നിയമമന്ത്രി എകെ ബാലന്‍ തന്നെ ചോദ്യം ചെയ്തത് പ്രതിപക്ഷത്തിന് പിടിവള്ളിയായി

സോളാർ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലുളള ഭിന്നത പുറത്തായത് സർക്കാറിന് തലവേദനയാകുന്നു. വീണ്ടും നിയമോപദേശം തേടാനുള്ള തീരുമാനത്തെ നിയമമന്ത്രി എകെ ബാലന്‍ തന്നെ ചോദ്യം ചെയ്തത് പ്രതിപക്ഷത്തിനും പിടിവള്ളിയായി. എന്നാല്‍ പഴുതടച്ചുള്ള അന്വേഷണത്തിനാണ് വീണ്ടും നിയമോപദേശം തേടിയതെന്ന വാദമുന്നയിച്ച് പ്രതിപക്ഷത്തെ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ നീക്കം.

സോളാർ അന്വേഷണ പ്രഖ്യാപനത്തിൽ സർക്കാർ ഇപ്പോഴും ആശയക്കുഴപ്പത്തിലാണെന്ന് വ്യക്തമാക്കുന്നതായിരുന്നു മന്ത്രിസഭയോഗത്തിലുണ്ടായ ഭിന്നാഭിപ്രായങ്ങൾ. വീണ്ടും നിയമോപദേശം തേടുമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് നിയമമന്ത്രി തന്നെ വിയോജിച്ചതാണ് സര്‍ക്കാര്‍ പ്രതിരോധത്തിലാക്കുന്നത്. അന്വേഷണം പ്രഖ്യാപിച്ച ശേഷം നിയമോപദേശം തേടുന്നത് ഗുണകരമല്ലെന്നായിരുന്നു ബാലൻറെ പ്രതികരണം. ഇനിയെങ്കിലും തെറ്റുപറ്റാതെ നോക്കണമെന്ന് സിപിഐ മന്ത്രിമാരും വ്യക്തമാക്കി. അതേസമയം മന്ത്രിസഭയിലെ ഭിന്നത പുറത്ത് വന്നത് സർക്കാറിന് ക്ഷീണമായി.

നിയമ വകുപ്പിനെ നോക്കുകുത്തിയാക്കി അന്വേഷണം പ്രഖ്യാപിച്ചുവെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭയിലും ഭിന്നാഭിപ്രായമുണ്ടായത്.‌ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നത് കാര്യമാക്കേണ്ടെന്നും പഴുതടച്ചുളള അന്വേഷണത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നുമാണ് എൽഡിഎഫ് നേതൃത്വത്തിൻറെ നിലപാട്. എന്നാൽ സർക്കാർ തലത്തിലെ ആശയക്കുഴപ്പം മുതലെടുക്കാനാണ് പ്രതിപക്ഷ നീക്കം.

സർക്കാറിന് തെറ്റ് പറ്റിയെന്ന തങ്ങളുടെ ആരോപണത്തെ സാധൂകരിക്കുന്നതാണ് വീണ്ടും നിയമോപദേശം തേടാനുളള നടപടിയെന്ന് പ്രതിപക്ഷം വാദിക്കുന്നു. നാളത്തെ കെപിസിസി യോഗത്തിൽ തുടർ നടപടികളെക്കുറിച്ച് ആലോചനകളുണ്ടാകുമെങ്കിലും റിപ്പോർട്ട് നിയമസഭയിൽ വെച്ചശേഷമേ ഇക്കാര്യത്തിൽ പ്രതിപക്ഷം അന്തിമ തീരുമാനമെടുക്കുകയുളളു.

Similar Posts