< Back
Kerala
Kerala

മൂന്നാറിനുവേണ്ടി ദേശീയ ഹരിത ട്രിബ്യൂണലില്‍ സിപിഐ നേതാവിന്റെ ഹരജി

Subin
|
22 April 2018 2:32 PM IST

ഹരജിയപ്പറ്റി അറിയില്ലെന്നും കര്‍ഷകസംഘവും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ടെന്ന് മന്ത്രി എംഎം മണി പ്രതികരിച്ചു.

മൂന്നാര്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ദേശീയ ഹരിതട്രൈബ്യൂണലില്‍ സിപിഐ നേതാവ് പി പ്രസാദിന്റെ ഹരജി. സര്‍ക്കാര്‍ നടപടികളെരൂക്ഷമായ വിമര്‍ശിക്കുന്ന ഹരജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ട്രൈബ്യൂണല്‍ നോട്ടീസയച്ചു. ഹരജിയപ്പറ്റി അറിയില്ലെന്നും കര്‍ഷകസംഘവും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ടെന്ന് മന്ത്രി എംഎം മണി പ്രതികരിച്ചു.

നീലകുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിനില്‍ക്കെയാണ് മൂന്നാറിനെ കയ്യേറ്റക്കാരില്‍ നിന്നും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐ നേതാവ് പി പ്രസാദ് ദേശീയ ഹരിത ട്രൈബ്യൂണലില്‍ ഹരജി നല്‍കിയത് . മൂന്നാറിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ഉള്‍പ്പെടെ കയ്യേറ്റം വ്യാപകമാണെന്നും അവ ഒഴിപ്പിച്ച് അതീവപരിസ്ഥതി ദുര്‍ബലമായ മേഖല സംരക്ഷിക്കണമെന്നും പി പ്രസാദ് സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കുന്നു.

മൂന്നാറിലെ ഭൂമി, രാഷ്ട്രീയക്കാരടക്കമുള്ള ആളുകള്‍ കൈവശം വെച്ചിരിക്കുകയാണെന്നും വനം വകുപ്പിന് പോലും ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും 12 പേജുള്ള ഹരജി വ്യക്തമാക്കുന്നു. കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥര്‍ സ്ഥലം മാറ്റമടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരുന്നു. കയ്യേറ്റക്കാരുടെ രാഷ്ട്രീയ പിന്‍ബലം ഒഴിപ്പിക്കലിന് വിഘാതം സൃഷ്ടിക്കുന്നുവെന്നും. അടിയന്തിര സ്വഭാവത്തോടെ ഹരജി പരിഗണിക്കണമെന്നുമാണ് പി പ്രസാദിന്റെ ആവശ്യം. ഹരജി സിപിഐ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു.

വിഷയത്തില്‍ എല്ലാവരെയും കേട്ട ശേഷമേ ഹരിത ട്രിബ്യൂണല്‍ നടപടിയെടുക്കൂ. സിപിഎമ്മിന്റെ കര്‍ഷക സംഘടനയും നീലക്കുറിഞ്ഞി വിഷയത്തില്‍ കക്ഷി ചേര്‍ന്നിട്ടുണ്ടെന്നായിരുന്നു മന്ത്രി എംഎം മണി ഡല്‍ഹിയില്‍ പ്രതികരിച്ചത്.

Related Tags :
Similar Posts