< Back
Kerala
ഓണം അടുത്തതോടെ തമിഴ്നാട്ടിലെ പച്ചക്കറി വിപണിയില്‍ വില ഉയര്‍ന്നുഓണം അടുത്തതോടെ തമിഴ്നാട്ടിലെ പച്ചക്കറി വിപണിയില്‍ വില ഉയര്‍ന്നു
Kerala

ഓണം അടുത്തതോടെ തമിഴ്നാട്ടിലെ പച്ചക്കറി വിപണിയില്‍ വില ഉയര്‍ന്നു

Sithara
|
23 April 2018 10:57 PM IST

ആവശ്യക്കാര്‍ കൂടിയതാണ് പച്ചക്കറികള്‍ക്ക് വില ഉയരാന്‍ കാരണമായി വ്യാപാരികള്‍ പറയുന്നത്

ഓണം അടുത്തതോടെ തമിഴ്നാട്ടിലെ പച്ചക്കറി വിപണിയിലും പച്ചക്കറികള്‍ക്ക് വില ഉയര്‍ന്നു. ആവശ്യക്കാര്‍ കൂടിയതാണ് പച്ചക്കറികള്‍ക്ക് വില ഉയരാന്‍ കാരണമായി വ്യാപാരികള്‍ പറയുന്നത്. തമിഴിനാട്ടിലെ തെക്കന്‍ കാര്‍ഷിക ജില്ലകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ കേരളത്തിന്‍റെ തെക്കന്‍ ജില്ലകളിലെ വിപണികളിലാണ് ഏറെയെത്തുന്നത്.

തേവാരം, ചിന്നമന്നൂര്‍,കമ്പം, തെനി, ശീലാപെട്ടി, ചിപളാകോട്ട്, വത്തലഗുണ്ട്, ഗൂഡല്ലൂര്‍ തുടങ്ങിയ തെക്കന്‍ തമിഴ്നാട്ടിലെ പച്ചക്കറി തോട്ടങ്ങളുടെ പ്രധാന വിപണി കേരളമാണ്. ഓണം മുന്നില്‍ കണ്ടാണ് പലപ്പോഴും കൃഷികള്‍ ക്രമീകരിക്കുന്നതും. പക്ഷെ ഇത്തവണ പതിവ് തെറ്റിച്ച് കുടുംബശ്രീ, വിവിധ ഗ്രൂപ്പുകള്‍ സംഘടനകള്‍ എന്നിവര്‍ നേരിട്ട് ഈ വിപണികള്‍ എത്തി ലേലത്തില്‍ പങ്കെടുത്തതുമൂലം രണ്ട് ദിവസത്തിനുളളിലാണ് വില വര്‍ദ്ധിച്ചതെന്ന് പച്ചക്കറി വ്യാപാരികള്‍ പറയുന്നു.

ഒരു കിലോ തക്കാളിക്ക് തേവാരത്ത് വില 10 രൂപയാണ്. ഇപ്പോള്‍ വെണ്ടക്ക 8ഉം ബീന്‍സിന് 20ഉം പയറിന് 10ഉം മുരിങ്ങക്കയ്ക്ക് 8 മുതല്‍ 12 രൂപ വരേയുമാണ്. ഇവ ഇടുക്കിയില്‍ എത്തുമ്പോള്‍ തക്കാളി വില 25 രൂപയായും വെണ്ടക്കയുടേത് 24രൂപയായും മുരിങ്ങക്കക്ക് 45ഉം ബീന്‍സിന് 65 രൂപയുമായി മാറുന്നു. തമിഴ്നാട്ടില്‍ വിലവര്‍ദ്ധിച്ചതും അത് ഇവിടെ എത്തിക്കുന്ന ചിലവുമാണ് ഈ വിലയ്ക്ക് തങ്ങള്‍ക്ക് പച്ചക്കറികള്‍ നല്‍കേണ്ടിവരുന്നതെന്ന് ഈരാറ്റുപേട്ടയിലെ പച്ചക്കറി വ്യാപാരി അഷറഫ് പറഞ്ഞു.

വിവിധ സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെ തമിഴ്‍നാട്ടിലെ വിപണിയിലെത്തി നേരിട്ട് ലേലത്തില്‍ പങ്കെടുത്തതോടെ തമിഴ്നാട്ടിലെ കച്ചവടക്കാരും വില വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ഓണം കഴിയുന്നതോടെ പച്ചക്കറികളുടെ വിലകള്‍ കുത്തനെ കുറയുമെന്ന ആശങ്കയിലാണ് തമിഴ്‍നാട്ടിലെ വ്യാപാരികള്‍.

Related Tags :
Similar Posts