< Back
Kerala
കേരളപ്പിറവി ആഘോഷവിവാദം: വിശദീകരണവുമായി മുഖ്യമന്ത്രികേരളപ്പിറവി ആഘോഷവിവാദം: വിശദീകരണവുമായി മുഖ്യമന്ത്രി
Kerala

കേരളപ്പിറവി ആഘോഷവിവാദം: വിശദീകരണവുമായി മുഖ്യമന്ത്രി

Sithara
|
23 April 2018 7:51 AM IST

ഗവര്‍ണര്‍, മുന്‍ മുഖ്യമന്ത്രിമാരായ എ കെ ആന്റണി, വി എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി എന്നിവരെ ക്ഷണിച്ചില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്

സര്‍ക്കാരിന്റെ കേരളപ്പിറവി ആഘോഷം വിവാദത്തിന്റെ നിഴലില്‍. ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവത്തിനെ വജ്ര ജൂബിലി ആഘോഷത്തിലേക്ക് ക്ഷണിച്ചില്ല. പ്രോട്ടോക്കോള്‍ പ്രശ്നമാണ് ക്ഷണിക്കാത്തതിന് കാരണമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചത്. മുന്‍ മുഖ്യമന്ത്രിമാരായ എ കെ ആന്റണി, വി എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി എന്നിവരെ ക്ഷണിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

കേരളത്തിന്റെ വജ്രജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് സര്‍ക്കാര്‍ സംഘടിപ്പിച്ച രണ്ട് പരിപാടികളിലും ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവത്തിന് ക്ഷണമുണ്ടായിരുന്നില്ല. ഗവര്‍ണ്ണറെ ഒഴിവാക്കിയതിലുള്ള പ്രതിഷേധം രാജ്ഭവന്‍ ചീഫ് സെക്രട്ടറിയെ അറിയിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ ഉദ്ഘാടന ചടങ്ങില്‍ വെച്ച് തന്നെ മുഖ്യമന്ത്രി വിശദീകരണം നല്‍കി.

ഇത്തരം ഒരു പരിപാടിയില്‍ സംസ്ഥാന ഭരണത്തലവന്‍ ഗവര്‍ണര്‍ ഉണ്ടാകേണ്ടതല്ലെ, ഒഴിവാക്കിയത് എന്താണെന്ന് ചോദ്യങ്ങളുയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ ഞങ്ങള്‍ കൂട്ടായിട്ടാണ് ആലോചിച്ചത്. ഇത് നിയമസഭയുടെ പരിപാടിയാണ്. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും ഞങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ അടക്കമുളള കക്ഷി നേതാക്കള്‍ കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്. കൂടാതെ ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ പ്രോട്ടോക്കോളിന്റെ പ്രശ്‌നമുണ്ട്.

ഗവര്‍ണര്‍ പങ്കെടുത്താല്‍ ചടങ്ങില്‍ വേദിയില്‍ നിശ്ചിത എണ്ണം അതിഥികള്‍ മാത്രമെ പാടുള്ളു. ഇന്നിവിടെ വേദിയില്‍ അറുപത് പേരുണ്ട്. ഗവര്‍ണര്‍ പങ്കെടുത്താല്‍ ഇത് പരിമിതിപ്പെടുത്തേണ്ടി വരും. അതിനാല്‍ സഭ ആലോചിച്ചത് ഇന്ന് തുടങ്ങി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയാണ് ഇത്. അപ്പോള്‍ ഇതിനുശേഷം തുടര്‍ന്ന് വരുന്ന പരിപാടിയില്‍ ഗവര്‍ണറെ ഉള്‍പ്പെടുത്തും. ഏതായാലും ഗവര്‍ണറെ ഞങ്ങള്‍ മറന്നുപോയിട്ടില്ല. ഇക്കാര്യം ഓര്‍മിപ്പിച്ചവരെ ഇത് അറിയിക്കുകയാണ്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ തുടര്‍ന്ന് സംഘടിപ്പിക്കുമ്പോള്‍ അതില്‍ ഗവര്‍ണറുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വ്യക്തമാക്കി.

ഗവര്‍ണ്ണര്‍ക്കും മുന്‍ മുഖ്യമന്ത്രിമാരെയും പങ്കെടുപ്പ് ചടങ്ങുകള്‍ ഇനി ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. ഇന്ന് നടന്നത് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളുടെ തുടക്കം മാത്രമാണെന്നും ഇക്കാര്യത്തില്‍ ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നും കോടിയേരി പറഞ്ഞു.

അറുപതാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകളില്‍ ക്ഷണം ലഭിക്കാത്തതിനാല്‍ മുന്‍ മുഖ്യമന്ത്രിമാരായ എ കെ ആന്റണി, വി എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ പങ്കെടുത്തില്ല. അറുപതാം വാര്‍ഷികത്തെ സൂചിപ്പിച്ച് 60 ചിരാതുകള്‍ തെളിയിക്കുന്ന ചടങ്ങുകള്‍ക്ക് മുന്‍ മുഖ്യമന്ത്രിമാര്‍ നേതൃത്വം നല്‍കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പക്ഷെ മുന്‍ മുഖ്യമന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണന്ന വിശദീകരണം സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല. കേരളപ്പിറവി ആഘോഷം വരും ദിവസങ്ങളില്‍ രാഷ്ട്രീയ വിവാദത്തിന് കാരണമാകും.

Related Tags :
Similar Posts