< Back
Kerala
കുപ്പുദേവരാജിന്റെ സഹോദരന്റെ കോളറിന് കുത്തിപ്പിടിച്ച പൊലീസിനെതിരെ നടപടി വേണമെന്ന് ആവശ്യംകുപ്പുദേവരാജിന്റെ സഹോദരന്റെ കോളറിന് കുത്തിപ്പിടിച്ച പൊലീസിനെതിരെ നടപടി വേണമെന്ന് ആവശ്യം
Kerala

കുപ്പുദേവരാജിന്റെ സഹോദരന്റെ കോളറിന് കുത്തിപ്പിടിച്ച പൊലീസിനെതിരെ നടപടി വേണമെന്ന് ആവശ്യം

Sithara
|
23 April 2018 2:51 PM IST

മൃതദേഹം വേഗം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പൊലീസ് നടപടി.

നിലമ്പൂരില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെ പൊതുദര്‍ശനത്തിനിടെ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ സഹോദരന്റെ കോളറില്‍ പിടിച്ച സംഭവത്തില്‍ നടപടി വേണമെന്ന ആവശ്യം ശക്തം. മൃതദേഹം വേഗം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പൊലീസ് നടപടി. മൃതദേഹത്തെ കൂടി അപമാനിച്ച അസിസ്റ്റന്‍റ് കമ്മീഷണറെ സസ്പെന്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കുപ്പുദേവരാജിന്‍റെ സഹോദരന്‍റെ കോളറില്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍‌ കയറി പിടിക്കുന്ന ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു.

കുപ്പു ദേവരാജന്‍റെ മൃതദേഹം മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്കരിക്കുന്നതിന് തൊട്ടു മുന്‍പായിരുന്നു സംഭവം. പൊതുദര്‍ശനത്തിന് അനുവദിച്ച എട്ട് മിനിറ്റ് സമയം അവസാനിച്ചുവെന്ന് പറഞ്ഞ് അസിസ്റ്റന്‍റ് കമ്മീഷണര്‍മാരായ പ്രത്യുരാജ്. പ്രേംദാസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് രംഗത്ത് എത്തുകയായിരുന്നു. നിങ്ങള്‍ എടുക്കുന്നോ അതോ ഞങ്ങള്‍ എടുക്കണമോയെന്നായിരുന്നു പോലീസിന്റെ ചോദ്യം. ഇതിന് ഇടയിലാണ് സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍‌റ് കമ്മീഷണര്‍ പ്രേംദാസ് ശ്രീധരന്‍റെ ഷര്‍ട്ടിന്‍റെ കോളറില്‍ പിടിച്ചത്.

അസിസ്റ്റന്‍റ് കമ്മീഷണര്‍ മൃതദേഹത്തെ കൂടി അപമാനിച്ചതായും നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണെന്നുമാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആവശ്യം. കേസിലാകെ പോലീസ് സ്വീകരിക്കുന്ന നിഗൂഢ നിലപാടിന്‍റെ തുടര്‍ച്ചയാണിതെന്നും ആക്ഷേപമുണ്ട്. ഉദ്യോഗസ്ഥന് എതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പിയുസിഎല്ലും ആവശ്യപ്പെട്ടു.

Related Tags :
Similar Posts