< Back
Kerala
കിനാലൂര്‍ മാലിന്യ പ്ലാന്റ് സമരം; പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുകിനാലൂര്‍ മാലിന്യ പ്ലാന്റ് സമരം; പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു
Kerala

കിനാലൂര്‍ മാലിന്യ പ്ലാന്റ് സമരം; പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

Jaisy
|
26 April 2018 9:30 PM IST

മന്ത്രി ടി.പി രാമകൃഷ്ണന്‍ സമരക്കാരുമായി ചര്‍ച്ച നടത്തും

കോഴിക്കോട് കിനാലൂര്‍ വ്യവസായ പാര്‍ക്കില്‍ സ്ഥാപിക്കുന്ന ആശുപത്രി മാലിന്യ പ്ലാന്റിനെതിരായ സമരത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചക്കൊരുങ്ങുന്നു. മന്ത്രി ടി.പി രാമകൃഷ്ണന്‍ സമരക്കാരുമായി ചര്‍ച്ച നടത്തും. പ്രക്ഷോഭം ശക്തമാക്കിയ സാഹചര്യത്തിലാണ് പ്രശ്നം പരിഹരിക്കാനുള്ള സര്‍ക്കാര്‍ ശ്രമം.

കിനാലൂര്‍ വ്യവസായ പാര്‍ക്കില്‍ സ്ഥാപിക്കുന്ന ആശുപത്രി മാലിന്യ പ്ലാന്റിനെതിരെ ശക്തമായ സമരമാണ് സംയുക്ത സമര സമിതി നടത്തിയിരുന്നത്. പൊലീസ് സംരക്ഷണത്തോടെ പ്ലാന്റ് നിര്‍മാണം നടത്താന്‍ സ്വകാര്യ കമ്പനി നീക്കം നടത്തിയതോടെ റോഡ് ഉപരോധമടക്കമുള്ള സമരമാര്‍ഗങ്ങളിലേക്ക് സമര സമിതി കടന്നു. ഇതോടെയാണ് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ചര്‍ച്ചക്കുള്ള തിയതി പിന്നീട് നിശ്ചയിക്കും. പ്ലാന്റ് നിര്‍മാണം ഉപേക്ഷിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സമര സമിതി.

അഞ്ചു ജില്ലകളില്‍ നിന്നുള്ള ആശുപത്രി മാലിന്യങ്ങള്‍ സംസ്കരിക്കാനാണ് വ്യവസായ പാര്‍ക്കിനുള്ളില്‍ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചതോടെ പ്ലാന്റ് നിര്‍മാണം നിര്‍ത്തി വെക്കുകയായിരുന്നു. എന്നാല്‍ അനുകൂല കോടതിയുത്തരവ് സമ്പാദിച്ചാണ് കമ്പനി പ്ലാന്റ് നിര്‍മാണം പുനരാരംഭിക്കാന്‍ നീക്കം നടത്തിയത്. ആധുനിക സംവിധാനങ്ങളോടെ സ്ഥാപിക്കുന്ന മാലിന്യ പ്ലാന്റ് യാതൊരു വിധ ആരോഗ്യ പ്രശ്നവും ഉണ്ടാക്കില്ലെന്നാണ് കമ്പനിയുടെ വിശദീകരണം.

Similar Posts