< Back
Kerala
ചരല്‍കുന്ന് ക്യാമ്പ് നാളെ തുടങ്ങാനിരിക്കെ യുഡിഎഫില്‍ ആശങ്കചരല്‍കുന്ന് ക്യാമ്പ് നാളെ തുടങ്ങാനിരിക്കെ യുഡിഎഫില്‍ ആശങ്ക
Kerala

ചരല്‍കുന്ന് ക്യാമ്പ് നാളെ തുടങ്ങാനിരിക്കെ യുഡിഎഫില്‍ ആശങ്ക

Sithara
|
29 April 2018 2:48 PM IST

മാണിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണം നിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കേരള കോണ്‍ഗ്രസ് എമ്മിന്റെ ചരല്‍കുന്ന് ക്യാമ്പ് നാളെ തുടങ്ങാനിരിക്കെ യുഡിഎഫിനകത്ത് ആശങ്ക ശക്തമാകുന്നു. മാണിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണം നിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കെ എം മാണി യുഡിഎഫിന്റെ മുതിര്‍ന്ന നേതാവാണെന്നും ആ നിലയിലാണ് പ്രശ്നങ്ങളെ കാണുന്നതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു.

കെ എം മാണിക്കെതിരെ ഗൂഢാലോചന നടത്തിയതില്‍ രമേശ് ചെന്നിത്തലക്ക് പങ്കുണ്ടെന്ന ആരോപണം കേരള കോൺഗ്രസ് ഒളിഞ്ഞും തെളിഞ്ഞും നേരത്തെ ഉന്നയിച്ചിരുന്നു. ഈ സന്ദര്‍ഭത്തിലാണ് മാണിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണം നിഷേധിച്ച് ചെന്നിത്തല രംഗത്തെത്തിയത്.
യുഡിഎഫിന്റെ അവിഭാജ്യഘടകമെന്ന നിലയിലാണ് കേരള കോൺഗ്രസുമായുള്ള പ്രശ്നങ്ങളെ കാണുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞു. മറിച്ചുള്ള അഭിപ്രായങ്ങള്‍ കോൺഗ്രസിന്റേതല്ല. വ്യക്തിപരം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കെ എം മാണിയുമായി വേണ്ടത്ര അനുനയ ശ്രമങ്ങള്‍ നടന്നില്ലെന്ന ആക്ഷേപവും കോൺഗ്രസിനകത്തുണ്ട്. ‌യുഡിഎഫില്‍ അനുനയ ശ്രമങ്ങള്‍ കൊണ്ടുപിടിക്കുമ്പോൾ നിര്‍ണായക രാഷ്ട്രീയ പ്രഖ്യാപനമാകും ശനി, ഞായര്‍ ദിവസങ്ങളിലെ ചരല്‍ക്കുന്ന് ക്യാംപിനുശേഷമുണ്ടാവുക. മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുള്ള യുഡിഎഫ് ബന്ധത്തില്‍ നിന്ന് കെ എം മാണിയും പാര്‍ട്ടിയും അകലുമെന്നുറപ്പാണ്. നിയമസഭയില്‍ പാര്‍ട്ടി എംഎല്‍എമാര്‍ പ്രത്യേക ബ്ലോക്കാകാന്‍ ഇതിനോടകം തന്നെ തീരുമാനമെടുത്തു കഴിഞ്ഞു. അതേസമയം എന്‍ഡിഎയിലേക്ക് പോകുമെന്ന വാര്‍‌ത്ത കേരള കോൺഗ്രസ് നേതാവ് ജോസഫ് എം പുതുശേരി നിഷേധിച്ചു. അകല്‍ച്ചയുടെ ആഴവും കാലവും എത്രയെന്നാണ് ഇനി കണ്ടറിയേണ്ടത്.

Similar Posts