< Back
Kerala
Kerala

കതോലിക്ക ബാവയെ നീക്കിയ കല്‍പ്പനക്ക് ആധാരം കോടതി ഉത്തരവ്

Alwyn K Jose
|
29 April 2018 7:58 PM IST

സഭാ ഭരണഘടനക്ക് വിരുദ്ധമാണ് വിദേശ ഭദ്രാസനങ്ങളിലെ കാതോലിക്ക ബാവയുടെ ഇടപെടലെന്ന് ചൂണ്ടിക്കാട്ടി കോടതിയുത്തരവും നിലവിലുണ്ട്.

ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയെ, വിദേശ ഭദ്രാസനങ്ങളുടെ ഭരണച്ചുമതലയില്‍ നിന്ന് നീക്കിക്കൊണ്ടുള്ള പാത്രിയര്‍ക്കീസ് ബാവ ഇഗ്നേഷ്യസ് മാര്‍ അഫ്രേം രണ്ടാമന്റെ കല്‍പനക്ക് ആധാരമായത്, കഴിഞ്ഞ ജനുവരിയിലെ എറണാകുളം പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയുടെ ഉത്തരവ്. സഭാ ഭരണഘടനക്ക് വിരുദ്ധമാണ് വിദേശ ഭദ്രാസനങ്ങളിലെ കാതോലിക്ക ബാവയുടെ ഇടപെടലെന്ന് ചൂണ്ടിക്കാട്ടി കോടതിയുത്തരവും നിലവിലുണ്ട്.

എറണാകുളം മുളന്തുരുത്തി സ്വദേശി മാത്തച്ചന്‍ തുകലന്‍, പട്ടിമറ്റം സ്വദേശി പോള്‍ വര്‍ഗീസ് എന്നിവരുടെ ഹരജിയില്‍ തീര്‍പ്പ് കല്‍പിച്ച് പ്രിന്‍സിപ്പല്‍ മുന്‍സിഫ് എംകെ ഗണേശാണ് വിധി പുറപ്പെടുവിച്ചത്. സഭാ ഭരണഘടനയുടെ നഗ്നമായ ലംഘനമാണ് വിദേശ ഭദ്രാസനങ്ങളില്‍ കാതോലിക്ക ബാവ ഇടപെടുന്നതെന്ന് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി. കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ നിലവില്‍ മൂന്ന് പദവികളാണ് വഹിക്കുന്നത്. ഇന്ത്യയിലെ യാക്കോബായ സഭയുടെ പരമാധ്യക്ഷനെന്ന കാതോലിക്ക പദവി, മലങ്കര സഭയുടെ അധ്യക്ഷന്‍ എന്നിവ കൂടാതെ, 1982 മുതല്‍ സഭയുടെ ഏറ്റവും വലിയ ഭദ്രാസനമായ അങ്കമാലി ഭദ്രാസനത്തിന്റെ നിലവിലെ മെത്രാപ്പോലീത്തയും തോമസ് മാര്‍ ബേസേലിയോസ് ആണ്. കാതോലിക്ക തന്നെ ഒരു ഭദ്രാസനാധിപനാവുന്നത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു ഹരജി കോടതിയുടെ പരിഗണനയിലാണ്. യാക്കോബായ സഭയിലെ ഭദ്രാസനാധിപന്മാരും കാതോലിക്ക ബാവയും തമ്മിലുള്ള അഭിപ്രായ ഭിന്നതകളാണ് ഈ ചട്ടലംഘനങ്ങള്‍ ഇപ്പോള്‍ കോടതി വ്യവഹാരങ്ങളായി മാറാന്‍ കാരണം. ഇപ്പോഴത്തെ പാത്രിയര്‍ക്കീസ് ബാവ ഇഗ്നേഷ്യസ് മാര്‍ അഫ്രേം രണ്ടാമന്‍ മലങ്കര സഭയുടെ വ്യവഹാരങ്ങളില്‍ കര്‍ശനമായി ഇടപെടുന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവ്.

Related Tags :
Similar Posts