ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധം; സംഘര്‍ഷംലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധം; സംഘര്‍ഷം
|തിരുവനന്തപുരം ലോ അക്കാദമിയിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
തിരുവനന്തപുരം ലോ അക്കാദമിയില്‍ എസ്എഫ്ഐയും പ്രതിഷേധ രംഗത്തേക്ക്. കോളജ് മാനേജ്മെന്റിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് അക്കാദമിയിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കോളേജിലെ സിസിടിവി, ജനൽചില്ലുകൾ എന്നിവ പ്രവർത്തകർ അടിച്ചു തകർത്തു.

പ്രമുഖ ടെലിവിഷന്‍ അവതാരക കൂടിയായ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ലോ അക്കാദമിയില്‍ എസ്എഫ്ഐ ഒഴികെയുളള വിദ്യാര്‍ത്ഥി സംഘടനകള്‍ ദിവസങ്ങളായി സംയുക്ത പ്രക്ഷോഭത്തിലാണ്. ഇതിനിടെയാണ് എസ്എഫ്ഐയും പ്രതിഷേധരംഗത്തേക്ക് കടന്നത്. എസ്എഫ്ഐ പ്രവർത്തകർ ഇന്ന് കോളജിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. തടയാൻ ശ്രമിച്ച പോലീസുമായി ഏറ്റുമുട്ടലുണ്ടായി. പ്രവര്‍ത്തകരുടെ കല്ലേറിനെ തുടർന്ന് പോലീസിന് പിൻവാങ്ങേണ്ടി വന്നു.
സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സ്വകാര്യതയെ ബാധിക്കുന്ന സിസിടിവി ഒഴിവാക്കുക, ഇന്റേണൽ മാർക്കിലെ അനീതി ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് അക്കാദമിയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം അരങ്ങേറുന്നത്. അക്രമങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന് പ്രിൻസിപ്പല്‍ ലക്ഷ്മി നായർ വാർത്താക്കുറിപ്പിൽ അറിയിച്ചു.