'അറിയണം പിണറായിയെ' ഡോക്യുമെന്ററിയുടെ സിഡി പ്രകാശനം ചെയ്തു
|പിണറായിയെ യുവജനങ്ങള്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്.
യുവാക്കളുടെ പിന്തുണ ഉറപ്പിക്കാന്‍ ഹ്രസ്വ ചിത്രവുമായി പിണറായി വിജയന്‍. അറിയണം പിണറായിയെ എന്ന പേരില്‍ ഇഎംഎസ് സാംസ്‌കാരിക കേന്ദ്രം ആണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ പ്രഫസര്‍ എം കെ സാനുവാണ് സിഡി പ്രകാശനം ചെയ്തത്.
പിണറായിയെ യുവജനങ്ങള്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. യുവതയോട്.... അറിയണം പിണറായിയെ എന്ന പേരില്‍ ഹ്രസ്വചിത്രം തയ്യാറാക്കിയത് കെ ആര്‍ സുഭാഷ് ആണ്. ഒരാള്‍ നല്ല വ്യക്തിയാണെങ്കില്‍ ആദ്യം തിരിച്ചറിയുക അവരുടെ അയല്‍വാസികളായിരിക്കും. ആ അര്‍ഥത്തില്‍ പിണറായിയെ പലരും രക്ഷകനായി പോലും കാണുന്നുണ്ടെന്ന് സിഡി പ്രകാശനം ചെയ്തുകൊണ്ട് പ്രൊഫസര്‍ എം കെ സാനു പറഞ്ഞു.
മാധ്യമങ്ങള്‍ പിണറായിയെ വാഴ്ത്താറില്ലെന്നും അവരുടെ പ്രകീര്‍ത്തനത്തിനായി അദ്ദേഹം മുതിരാറില്ലെന്നും സിഡി ഏറ്റുവാങ്ങിക്കൊണ്ട് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞു. ആരെയും പ്രീതിപ്പെടുത്താന്‍ പിണറായി വിജയന്‍ കപടമായി പുഞ്ചിരിക്കാറില്ലെന്ന് പരിപാടിയില്‍ പങ്കെടുത്ത സംവിധായകന്‍ ആഷിക് അബു പറഞ്ഞു.
ചടങ്ങില്‍ പി രാജീവ് അധ്യക്ഷനായിരുന്നു. ഡോ സി കെ രാമചന്ദ്രന്‍ എറണാകുളം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വക്കറ്റ് അനില്‍കുമാര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.