< Back
Kerala
Kerala

ലോണ്‍ തിരിച്ചടച്ചിട്ടും പലിശക്കായി ഭീഷണി; എസ്ബിഐക്കെതിരെ പരാതി

Sithara
|
8 May 2018 7:32 PM IST

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായ വീഴ്ച മറയ്ക്കാന്‍ വായ്പയെടുത്ത ഡോക്ടറെ ബലിയാടാക്കുന്നതായി പരാതി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായ വീഴ്ച മറയ്ക്കാന്‍ വായ്പയെടുത്ത ഡോക്ടറെ ബലിയാടാക്കുന്നതായി പരാതി. കോട്ടയം പാല സ്വദേശി സതീഷ് ബാബുവിനെയാണ് വായ്പ അടച്ചിട്ടും ഇല്ലാത്ത കണക്കുകള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത്. പലിശ നിരക്കില്‍ ഉണ്ടായ വര്‍ദ്ധനവിന്‍റെ പേരിലാണ് അമിതമായി ഇയാളില്‍ നിന്നും പണം ഈടാക്കാന്‍ ശ്രമിക്കുന്നത്. ബാങ്കിന്‍റെ നടപടിയെ ചോദ്യം ചെയ്തതോടെ ജപ്തി നോട്ടീസ് അയച്ചും അക്കൌണ്ട് മരവിപ്പിച്ചും ബാങ്ക് പീഡിപ്പിക്കുകയാണെന്നാണ് ആരോപണം.

10 വര്‍ഷം മുന്‍പ് ഡോക്ടര്‍ പ്ലസ് എന്ന പദ്ധതി പ്രകാരം പാല എസ്ബിഐയില്‍ നിന്നും 14 ലക്ഷം രൂപയാണ് സുരേഷ് ബാബു ലോണ്‍ എടുത്തത്. 120 തവണകളുള്ള ലോണ്‍ കൃത്യമായി അടച്ച് തീര്‍ക്കുകയും ചെയ്തു. ഇതിന്‍റെ രേഖകള്‍ വാങ്ങാന്‍ ചെന്നാപ്പോഴാണ് പലിശയിലുണ്ടായ വര്‍ദ്ധനവ് ഈടാക്കിയിട്ടില്ലെന്ന് കാട്ടി 5 ലക്ഷം രൂപയോളം കൂടുതലായി അടയ്ക്കണമെന്ന് ബാങ്ക് അധികൃതര്‍ പറയുന്നത്. പലിശ വര്‍ദ്ധിപ്പിച്ച കാര്യം ഒരു ഘട്ടത്തില്‍ പോലും സുരേഷിനെ ബാങ്ക് അറിയിച്ചിരുന്നില്ല. ഇത് ചോദ്യം ചെയ്തതോടെ ജപ്തിയും അകൌണ്ട് മരവിപ്പിക്കലുമായി ബാങ്ക് പ്രതികാരം ചെയ്യുകയായിരുന്നു. പലതവണ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തിയതായും സുരേഷ് പറയുന്നു.

ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചതോടെ മറ്റ് പണമിടപാടുകളും നടത്താന്‍ സാധിക്കുന്നില്ല. തെറ്റ് പറ്റിയത് ബാങ്കിനാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിച്ചെങ്കിലും 5 ലക്ഷം രൂപ അടയ്ക്കണമെന്നാണ് ഇവര്‍ പറയുന്നത്. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബാങ്കിംഗ് ഓംബുഡ്സ്മാന് സുരേഷ് പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ മെയ് മൂന്ന് മുതല്‍ ബാങ്കിന് മുന്‍പില്‍ സമരം നടത്താനും സുരേഷ് തീരുമാനിച്ചു.

Related Tags :
Similar Posts