< Back
Kerala
കണ്ണൂരില്‍ നിന്ന് പിടികൂടിയത് വളര്‍ത്തുപുലിയെയോ?കണ്ണൂരില്‍ നിന്ന് പിടികൂടിയത് വളര്‍ത്തുപുലിയെയോ?
Kerala

കണ്ണൂരില്‍ നിന്ന് പിടികൂടിയത് വളര്‍ത്തുപുലിയെയോ?

Khasida
|
8 May 2018 8:28 PM IST

ഭക്ഷണമായി നല്കിയ ജീവനുളള മൃഗങ്ങളെ പുലി കൊന്ന് തിന്നില്ലെന്നും പുലിയെ ഷാംപൂ തേച്ച് കുളിപ്പിച്ചതിന്റെ ലക്ഷണങ്ങളുണ്ടന്നും റിപ്പോര്‍ട്ട്

കണ്ണൂരില്‍ നിന്ന് പിടികൂടിയ പുലി വളര്‍ത്ത് പുലിയാണന്ന സംശയം ബലപ്പെടുന്നു. പുലിയെ പരിശോധിച്ച വെറ്റിനറി സര്‍ജന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വനംവകുപ്പ് ഇത് സംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതമാക്കി. സാഹചര്യതെളിവുകള്‍ സംശയം ജനിപ്പിക്കുന്നതെന്ന് ഡിഎഫ്ഒയും പ്രതികരിച്ചു.

കഴിഞ്ഞ മാര്‍ച്ച് അഞ്ചിനായിരുന്നു കണ്ണൂര്‍ നഗരപരിധിയിലെ തായത്തെരുവില്‍ പുലി പ്രത്യക്ഷപ്പെട്ടത്. മണിക്കൂറുകളോളം നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പുലിയെ ഒടുവില്‍ മയക്ക് വെടിവെച്ച് വീഴ്ത്തി നെയ്യാറ്‍ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

വനമേഖലയില്‍ നിന്ന് ഏറെദൂരെയുളള കണ്ണൂര്‍ നഗരത്തില്‍ എങ്ങനെ പുലിയെത്തി..? അന്നുമുതല്‍ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന ചോദ്യമായിരുന്നു ഇത്. കാട്ടിലേക്ക് തുറന്ന് വിടും മുമ്പ് പുലിയെ പരിശോധിച്ച വെറ്റിനറി സര്‍ജന്‍ കെ.ജയകുമാറിന്റെ റിപ്പോര്‍ട്ടിലാണ് പുലി വളര്‍ന്നത് കാട്ടിലല്ല നാട്ടിലെ ഏതോ വീട്ടിലാണെന്ന സംശയം പ്രകടിപ്പിച്ചത്. മൃഗശാലയില്‍ ഭക്ഷണമായി നല്കിയ ജീവനുളള മൃഗങ്ങളെ പുലി കൊന്ന് തിന്നില്ലെന്നും പുലിയെ ഷാംപൂ തേച്ച് കുളിപ്പിച്ചതിന്റെ ലക്ഷണങ്ങളുണ്ടന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ തുടര്‍ന്നാ ണ് വനം വകുപ്പ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.

പുലിയെ കണ്ടെത്തിയ തായത്തെരുവിലെയും സമീപ പ്രദേശങ്ങളിലെയും വീടുകളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തി. പ്രദേശവാസികളായ ചിലരെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സംശയിക്കത്ത തെളിവുകളൊന്നും ലഭിച്ചില്ലന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Tags :
Similar Posts