< Back
Kerala
ഇ പി ജയരാജന്റെ രാജി മുഖ്യമന്ത്രിയും പാര്‍ട്ടിയും എതിരായതോടെഇ പി ജയരാജന്റെ രാജി മുഖ്യമന്ത്രിയും പാര്‍ട്ടിയും എതിരായതോടെ
Kerala

ഇ പി ജയരാജന്റെ രാജി മുഖ്യമന്ത്രിയും പാര്‍ട്ടിയും എതിരായതോടെ

Sithara
|
9 May 2018 11:38 PM IST

ബന്ധു നിയമനത്തെ ആദ്യ ഘട്ടത്തില്‍ ന്യായീകരിച്ച ഇ പി പിന്നീട് പാര്‍ട്ടി നിര്‍ദേശത്തിന് വഴങ്ങുകയായിരുന്നു

ബന്ധു നിയമന വിവാദത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും എതിരായതാണ് ഇ പി ജയരാജന്‍റെ രാജിയില്‍ എത്തിച്ചത്. ബന്ധു നിയമനത്തെ ആദ്യ ഘട്ടത്തില്‍ ന്യായീകരിച്ച ഇ പി പിന്നീട് പാര്‍ട്ടി നിര്‍ദേശത്തിന് വഴങ്ങുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിലപാടും നിര്‍ണായകമായി.

തന്‍റെ ഭാര്യ സഹോദരി പുത്രനായ കെ പി സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് എംഡി ആയി നിയമിക്കാന്‍ തീരുമാനിച്ച വിവരം പുറത്തു വന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ജയരാജന്‍റെ മറ്റൊരു ബന്ധു ദീപ്തി നിഷാന്ത് ക്ലേസ് ആന്‍റ് സെറാമിക്സ് ലിമിറ്റഡിന്‍റെ ജനറല്‍ മാനേജറായതും പിന്നീട് പുറത്തു വന്നു. ആനത്തലവട്ടം ആനന്ദന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍ തുടങ്ങിയവരുടെ ബന്ധുക്കളെ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് നിയമിച്ചതും വിവാദമായി. വിവാദങ്ങളോട് ആദ്യം നിഷേധാത്മകമായാണ് ഇ പി ജയരാജന്‍ പ്രതികരിച്ചത്

എന്നാല്‍ ആദ്യം മുതല്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതലോടെയാണ് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ സുധീറിന്‍റെ നിയമനം റദ്ദാക്കി. അപ്പോഴും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനമെന്ന നിലാപാടാണ് ഇ പി സ്വീകരിച്ചത്. എന്നാല്‍ നിയമനങ്ങള്‍ പരിശോധിക്കുമെന്ന നിലപാടില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും എത്തി. വിവാദം സര്‍ക്കാരിന് മങ്ങലേല്പിച്ചതായി വിഎസും പ്രതികരിച്ചു. തിരുത്തല്‍ നടപടി സംസ്ഥാന ഘടകം എടുക്കുമെന്ന പ്രതികരണത്തിലൂടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട് വ്യക്തമാക്കി. തുടര്‍ന്ന് ഇന്ന് നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം ഇ പി ജയരാജന്റെ രാജിയിലേക്ക് നയിച്ചു.

Similar Posts