കോഫേപോസ പ്രതിക്കൊപ്പം ഇടത് എം.എല്‍എമാര്‍ നില്‍ക്കുന്ന ചിത്രം പുറത്ത്
|വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതിയായ അബുല്‍ ലയിസിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
സ്വര്‍ണകള്ളകടത്ത് കേസിലെ പ്രതിക്ക് ഒപ്പം ഇടത് എം.എല്‍എമാര്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്. കോഫെപോസെ കേസില്‍ പിടികിട്ടാപ്പുള്ളിയായ അബുല്‍ ലെയ്സിനൊപ്പം ഗള്‍ഫില്‍ ഒരു ഷോറും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോഴുള്ളതാണ് ചിത്രങ്ങള്‍. കൊടുവള്ളി സ്വദേശിയുടെ കട ഉദ്ഘാടനത്തില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളെന്നാണ് പിടിഎ റഹീം എം.എല്‍.എയുടെ വിശദീകരണം.
നെടുമ്പാശേരി സ്വര്‍ണ കടത്ത് കേസില്‍ പിടികിട്ടാനുള്ള പ്രതിയാണ് അബുള്‍ ലെയ്സ്. ഇയാള്‍ക്ക് വേണ്ടി ഡിആര്‍ഐ ലുക്ക് ഔട്ട് സര്‍ക്കുലറും പുറത്തിറക്കിയിരുന്നു. കേസിലെ ഒന്നാം പ്രതി ഷഹബാസിന്‍റെ ബന്ധുകൂടിയായ ലെയ്സിനൊപ്പം ഇടത് എം.എല്‍.എമാരായ കാരാട്ട് റസാഖ്, പിടിഎ റഹീം എന്നിവര്‍ ഒരു പരിപാടിയില്‍ വിദേശത്ത് പങ്കെടുത്തതിന്‍റെ ചിത്രങ്ങളാണ് പുറത്ത് വന്നത്. മേപ്പയില്‍ മുഹമ്മദ് എന്ന കൊടുവള്ളി സ്വദേശിയുടെ ഗള്‍ഫിലുള്ള ഷോറൂമിന്‍റെ ഉദ്ഘാടനമായിരുന്നു ചടങ്ങ്. ലെയ്സ് സംഘടിപ്പിച്ച പരിപാടിയില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നായിരുന്നു പിടിഎ റഹീം എംഎല്‍എയുടെ വിശദീകരണം.
എംഎല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം പ്രവാസികള്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതിനിടയില്‍ കട ഉദ്ഘാടനത്തിലും പങ്കെടുത്തു. തന്‍റെ ബന്ധുകൂടിയായ ലൈയ്സ് താന്‍ വിളിച്ചിട്ടല്ല പരിപാടിക്ക് എത്തിയതെന്നും പിടിഎ റഹീം വിശദീകരിച്ചു. പ്രതികളാണോയെന്ന് നോക്കി പൊതു പ്രവര്‍ത്തകര്‍ക്ക് ഫോട്ടോ എടുക്കാനാവില്ലെന്നായിരുന്നു കരാട്ട് റസാഖ് എം.എല്‍.എയുടെ വിശദീകരണം.
സ്വര്‍ണകടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസലിന്‍റെ കാര്‍ ജനജാഗ്രത യാത്രയ്ക്ക് ഉപയോഗിച്ച വിവാദത്തിനെ പിന്നാലെ പുറത്തു വന്ന ചിത്രങ്ങള്‍ ഇടത് മുന്നണിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ്.