< Back
Kerala
കുരിശ് സ്ഥാപിച്ച് കയ്യേറ്റം: കൃത്യമായ കണക്കുകള്‍ റവന്യൂ വകുപ്പിന്‍റെ കൈവശമില്ലകുരിശ് സ്ഥാപിച്ച് കയ്യേറ്റം: കൃത്യമായ കണക്കുകള്‍ റവന്യൂ വകുപ്പിന്‍റെ കൈവശമില്ല
Kerala

കുരിശ് സ്ഥാപിച്ച് കയ്യേറ്റം: കൃത്യമായ കണക്കുകള്‍ റവന്യൂ വകുപ്പിന്‍റെ കൈവശമില്ല

Sithara
|
9 May 2018 3:16 PM IST

ഇടുക്കി ജില്ലയില്‍ കുരിശ് സ്ഥാപിച്ച് സര്‍ക്കാര്‍ സ്ഥലം കയ്യേറിയതിന് കൃത്യമായ കണക്കുകള്‍ റവന്യൂ വകുപ്പിന്‍റെ കൈവശമില്ല.

ഇടുക്കി ജില്ലയില്‍ കുരിശ് സ്ഥാപിച്ച് സര്‍ക്കാര്‍ സ്ഥലം കയ്യേറിയതിന് കൃത്യമായ കണക്കുകള്‍ റവന്യൂ വകുപ്പിന്‍റെ കൈവശമില്ല. ജില്ലയില്‍ പുതിയതുൾപ്പെടെ പത്തിടത്ത് കുരിശ് സ്ഥാപിച്ച് സ്ഥലം കൈയ്യേറിയതായാണ് സര്‍ക്കാരിന്റെ കൈവശം രേഖയുള്ളത്‍. കല്യാണത്തണ്ടിലെയും പുള്ളിക്കാനത്തെയുമടക്കമുള്ള കൈയ്യേറ്റങ്ങള്‍ സര്‍ക്കാരിന്റെ രേഖകളില്ല. മീഡിയവണ്‍ എക്സ്ക്ലുസിവ്.

ഇടുക്കി ജില്ലയിലെ നാല് താലൂക്കുകളിലായി 10 സ്ഥലത്ത് കുരിശ് സ്ഥാപിച്ച് സ്ഥലം കൈയ്യേറിയത് മാത്രമാണ് റവന്യൂ വകുപ്പിന്റെ കൈവശമുള്ള രേഖയിലുള്ളത്. പീരുമേട് താലൂക്കില്‍ മൂന്ന് സ്ഥലത്ത് കുരിശ് സ്ഥാപിച്ച് രണ്ടരയേക്കര്‍ സ്ഥലം കയ്യേറിയിട്ടുണ്ട്. 2014 ജനുവരി 1ന് ശേഷം പീരുമേട്ടില്‍ ഒരു കുരിശ് ഒഴിപ്പിച്ചു. ഉടുമ്പന്‍ചോല താലൂക്കില്‍ പാപ്പാത്തിച്ചോല, മുണ്ടിയെരുമ, എഴുകുംവയല്‍ എന്നിവിടങ്ങളിലാണ് കുരിശ് സ്ഥാപിച്ചുള്ള കയ്യേറ്റം. ഇതില്‍ മുണ്ടിയെരുമയിലെ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിട്ടില്ല. മറ്റ് രണ്ടിടത്തുമായി അഞ്ചര ഏക്കര്‍ സ്ഥലം കൈയ്യേറി. ‌

ദേവികുളം താലൂക്കിലും തൊടുപുഴ താലൂക്കിലും ഓരോ സ്ഥലത്ത് മാത്രമാണ് രേഖകളില്‍ കുരിശ് വെച്ചുള്ള കയ്യേറ്റമുള്ളത്. കയ്യേറിയ ഭൂമിയാകട്ടെ അളന്ന് തിട്ടപ്പെടുത്തിയിട്ടുമില്ല. പുള്ളിക്കാനം, കല്യാണത്തണ്ട്, ചെറുതോണി, നെടുങ്കണ്ടം എന്നിവയടക്കം നിരവധി നഗ്നമായ കൈയ്യേറ്റങ്ങളുണ്ടായിരിക്കെ അതൊന്നും റവന്യൂ വകുപ്പിന്റെ രേഖകളില്‍ ഇടംപിടിച്ചിട്ടില്ല. കൃത്യമായ വിവരം സൂക്ഷിച്ചിട്ടില്ല എന്ന വസ്തുത തുറന്ന് സമ്മതിച്ചത് തൊടുപുഴ താലൂക്ക് മാത്രമാണ്.

Related Tags :
Similar Posts