< Back
Kerala
നിയമന വിവാദം: നവമാധ്യമങ്ങളിലും ഇ പി ജയരാജന് വിമര്‍ശംനിയമന വിവാദം: നവമാധ്യമങ്ങളിലും ഇ പി ജയരാജന് വിമര്‍ശം
Kerala

നിയമന വിവാദം: നവമാധ്യമങ്ങളിലും ഇ പി ജയരാജന് വിമര്‍ശം

Khasida
|
10 May 2018 7:23 PM IST

കമന്റ് ബോക്സില്‍ വിമര്‍ശവുമായി സഖാക്കളും

ബന്ധുക്കളുടെ നിയമന വിവാദത്തില്‍ നവമാധ്യമങ്ങളിലും ഇ പി ജയരാജനെതിരെ പ്രതിഷേധം ശക്തം. ജയരാജന്റെ ഫേസ്ബുക്ക് പേജില്‍ അഞ്ഞൂറിലേറെ പേരാണ് വിമര്‍ശവുമായി കമന്റിട്ടത്.

സുധീര്‍ നമ്പ്യാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഇ പി ജയരാജന്‍ നടത്തിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശത്തിന് ഇടയാക്കിയത്. രാഷ്ട്രീയ ഭേദമന്യേ നിരവധി പേര്‍ കമന്റ് ബോക്സില്‍ എതിര്‍പ്പ് ഉന്നയിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും സിപിഎം അനുഭാവികളാണ്.

മുമ്പ് ഇ എംഎഎസ് തിരുവനന്തപുരത്തെ ഒരു കടയുടമക്ക് നല്‍കിയ കത്ത് ചൂണ്ടിക്കാട്ടിയാണ് ചിലരുടെ വിമര്‍ശം. തന്റെ മകള്‍ക്ക് രണ്ട് സാരി നല്‍കണമെന്നും ബുദ്ധിമുട്ടുള്ളതിനാല്‍ അടുത്തമാസം തരാമെന്നുമായിരുന്നു ആ കത്ത്. അന്ന് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നുവെന്ന് ഓര്‍ക്കണമെന്നും വിമര്‍ശകര്‍ പറയുന്നു.

പി കെ ശ്രീമതിയുടെ മകന്‍ എന്നത് അയോഗ്യതയല്ലെന്നത് പോലെ ശ്രീമതിയുടെ മകന്‍ എന്നത് യോഗ്യതയുമല്ലെന്നാണ് ഒരാളുടെ പ്രതികരണം. അഹങ്കാരം വോട്ട് ചെയ്ത് ജയിപ്പിച്ചവന്റെ നെഞ്ചത്ത് വേണ്ടെന്നാണ് ഒരു കമന്റ്. സ്നേഹിച്ച് തുടങ്ങിയത് ചുവന്ന കൊടിയുടെ പേരിലാണെങ്കിലും വെറുക്കാന്‍ കഴുത്തിലെ വെടിയുണ്ടയുടെ ആനുകൂല്യം പ്രതീക്ഷിക്കരുതെന്നാണ് ഒരു സഖാവിന്റെ കുറ്റപ്പെടുത്തല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ജയരാജനെതിരെയുള്ള കമന്റുകള്‍ ഏറെയാണ്. സിപിഎം അനുഭാവികള്‍ മാത്രമുള്ള ഗ്രൂപ്പുകളിലും മന്ത്രിയുടെ നടപടി ചര്‍ച്ചാ വിഷയമായിട്ടുണ്ട്. മറ്റ് നേതാക്കളുടെ ബന്ധുക്കള്‍ക്ക് നല്‍കിയ നിയമനങ്ങളും പരിശോധിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Related Tags :
Similar Posts