< Back
Kerala
പാലക്കാട്  വൃദ്ധദമ്പതികള്‍ മരിച്ച നിലയില്‍പാലക്കാട് വൃദ്ധദമ്പതികള്‍ മരിച്ച നിലയില്‍
Kerala

പാലക്കാട് വൃദ്ധദമ്പതികള്‍ മരിച്ച നിലയില്‍

Jaisy
|
10 May 2018 11:12 PM IST

തോലന്നൂരില്‍ സ്വദേശികളായ സ്വാമിനാഥനും ഭാര്യ പ്രേമകുമാരിയുമാണ് മരിച്ചത്

വധഭീഷണിയുണ്ടെന്ന് പരാതി നല്‍കിയ കര്‍ഷകനായ വിമുക്ത ഭടനെയും ഭാര്യയെയും കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പാലക്കാട് കോട്ടായിക്കടുത്ത് തോലന്നൂര്‍ പൂളക്കപ്പറമ്പ് സ്വാമിനാഥനും ഭാര്യ പ്രേമകുമാരിയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ദൃക്സാക്ഷിയാണെന്ന് കരുതുന്ന ഇവരുടെ മകന്റെ ഭാര്യ ഷീജയെ വീടിനുള്ളില്‍ കെട്ടിയിട്ട നിലയിലും കണ്ടെത്തി.

ഇന്ന് പുലര്‍ച്ചെ പാലുമായെത്തിയ അയല്‍വാസിയാണ് സംഭവം ആദ്യമായി കണ്ടത്. കിടപ്പറയില്‍ കഴുത്തില്‍ വെട്ടേറ്റ നിലയില്‍ സ്വാമിനാഥന്റെയും തലയണ മുഖത്തമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയില്‍ പ്രേമകുമാരിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. തൊട്ടടുത്ത മുറിയില്‍ ഇവരുടെ മകന്റെ ഭാര്യ ഷീജയെ വായില്‍ തുണി തിരുകിയും കൈകാലുകള്‍ ബന്ധിച്ച നിലയിലും കണ്ടെത്തി. പാടശേഖര സമിതി പ്രവര്‍ത്തകനായ സ്വാമിനാഥനെ കഴിഞ്ഞ മാസം 31 ന് ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമമുണ്ടായി. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണമുണ്ടായില്ല. മൂന്ന് ദിവസം മുമ്പ് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് വിശദമായ പരാതി സ്വാമിനാഥന്‍ പൊലീസില്‍ നല്‍കിയിരുന്നു.

മകന്റെ ഭാര്യ ഷീജ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരുടെ മൊഴി കേസില്‍ നിര്‍ണായകമാകും. കര്‍ഷകരുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്നയാളായിരുന്ന സ്വാമിനാഥന് അതുകൊണ്ട് തന്നെ ശത്രുക്കളുണ്ടായിരുന്നതായി ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.

Related Tags :
Similar Posts