< Back
Kerala
ആലപ്പുഴയില്‍ ലൈസന്‍സില്ലാതെ ഹൌസ്ബോട്ടുകള്‍; പരിസ്ഥിതിയ്ക്ക് വന്‍ ഭീഷണിആലപ്പുഴയില്‍ ലൈസന്‍സില്ലാതെ ഹൌസ്ബോട്ടുകള്‍; പരിസ്ഥിതിയ്ക്ക് വന്‍ ഭീഷണി
Kerala

ആലപ്പുഴയില്‍ ലൈസന്‍സില്ലാതെ ഹൌസ്ബോട്ടുകള്‍; പരിസ്ഥിതിയ്ക്ക് വന്‍ ഭീഷണി

Muhsina
|
12 May 2018 1:13 AM IST

ആലപ്പുഴയില്‍ എത്ര ഹൌസ് ബോട്ടുകള്‍ സര്‍വീസ് നടത്തുവെന്ന കാര്യത്തില്‍ തുറമുഖ അതോറിറ്റിയിലോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ കൃത്യമായ കണക്കൊന്നുമില്ല. അടുത്തിടെ എല്ലാ ബോട്ടുകളിലും ജിപിഎസ് സംവിധാനം പിടിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കിയപ്പോഴാണ് ഇതിലെ പൊള്ളത്തരം..

ആലപ്പുഴയില്‍ വിനോദ സഞ്ചാര മേഖലയില്‍ ലൈസന്‍സില്ലാത്ത ഹൌസ്ബോട്ടുകളും സര്‍വീസ് നടത്തുന്നതായി ബോട്ടുടമകളുടെ സംഘടനകള്‍. ലൈസന്‍സില്ലാത്ത ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത് പരിശോധിക്കാനും തടയാനും തുറമുഖ അതോറിറ്റിയ്ക്ക് കൃത്യമായ സംവിധാനങ്ങളില്ല. ബോട്ടുകളുടെ ആധിക്യം കായല്‍ പരിസ്ഥിതിയ്ക്ക് വന്‍ദോഷമുണ്ടാക്കുന്നുവെന്നാണ് അടുത്തിടെ പുറത്തുവന്ന എല്ലാ പഠന റിപ്പോര്‍ട്ടുകളും പറയുന്നത്. പുന്നമട ഫിനിഷിങ്ങ് പോയന്റില്‍ കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ എട്ട് ഹൌസ് ബോട്ടുകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി.

ആലപ്പുഴയില്‍ എത്ര ഹൌസ് ബോട്ടുകള്‍ സര്‍വീസ് നടത്തുവെന്ന കാര്യത്തില്‍ തുറമുഖ അതോറിറ്റിയിലോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ കൃത്യമായ കണക്കൊന്നുമില്ല. അടുത്തിടെ എല്ലാ ബോട്ടുകളിലും ജിപിഎസ് സംവിധാനം പിടിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കിയപ്പോഴാണ് ഇതിലെ പൊള്ളത്തരം മറ നീക്കി പുറത്തു വന്നത്. ആയിരത്തി തൊണ്ണൂറ്റിയേഴ് ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുവെന്ന് അധികൃതര്‍ കണക്ക് നല്‍കിയതനുസരിച്ച് 1100 ജി പി എസ് ഉപകരണങ്ങളാണ് ആലപ്പുഴയ്ക്കായി പദ്ധതി നിര്‍വഹണ ചുമതലയുള്ള കെല്‍ട്രോണ്‍ അനുവദിച്ചത്. എന്നാല്‍ 700 എണ്ണമായപ്പോഴേയ്ക്കും ആലപ്പുഴയിലെ അധികൃത ബോട്ടുകള്‍ തീര്‍ന്നതിനാല്‍ ബാക്കി ഉപകരണങ്ങള്‍ തിരിച്ചു കൊണ്ടുപോയി. അധികൃതരുടെ കണക്കനുസരിച്ച് സര്‍വീസിലുള്ള ബാക്കി 400ഓളം ബോട്ടുകളില്‍ വലിയൊരു ഭാഗം സമീപ ജില്ലകളില്‍ ലൈസന്‍സെടുത്ത് ആലപ്പുഴയില്‍ സര്‍വീസ് നടത്തുന്നവയും ബാക്കി ലൈസന്‍സ് പോലുമില്ലാതെ സര്‍വീസ് നടത്തുന്നവയുമാണെന്ന് ബോട്ടുടമകളുടെ സംഘടനകള്‍ പറയുന്നു.

അധികൃതരും ബോട്ടുടമകളുമായി നടന്ന ചര്‍ച്ചയെത്തുടര്‍ന്ന് അടുത്തിടെ പുന്നമട ഫിനിഷിങ്ങ് പോയന്റില്‍ നടത്തിയ പരിശോധനയില്‍ 8 ഹൌസ്ബോട്ടുകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. പക്ഷേ ഹൌസ് ബോട്ടുകളുടെ ആധിക്യം പരിസ്ഥിതിയ്ക്കുണ്ടാക്കുന്ന ദോഷം വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടും ലൈസന്‍‍സില്ലാതെയോ നിബന്ധനകള്‍ പാലിക്കാതെയോ സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ കായലില്‍ ചെന്ന് പരിശോധിക്കാനോ പിടികൂടാനോ ഉള്ള ഒരു സംവിധാനവും തുറമുഖ അതോറിറ്റിയുടെ കൈവശമില്ല.

Similar Posts