< Back
Kerala
ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രിയുടെ 100 ദിന സന്ദേശംജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രിയുടെ 100 ദിന സന്ദേശം
Kerala

ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രിയുടെ 100 ദിന സന്ദേശം

Sithara
|
14 May 2018 11:57 PM IST

2017 ഏപ്രിലില്‍ കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി

നിരവധി ജനക്ഷേമകരമായ പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ 100 ദിന സന്ദേശം. വൈദ്യുതിയില്ലാത്ത രണ്ടര ലക്ഷം വീടുകളില്‍ വെളിച്ചം എത്തിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. നാലായിരത്തഞ്ഞൂറോളം പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ സ്ഥലം വാങ്ങുമെന്ന് പ്രഖ്യാപിച്ചു. 2017-ഏപ്രിലില്‍ കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാക്കുമെന്ന ഉറപ്പും മുഖ്യമന്ത്രി നല്‍കുന്നുണ്ട്.

സര്‍ക്കാരിന്‍റെ നൂറാം ദിനത്തോട് അനുബന്ധിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയ ലേഖനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയത്. പൌരാവകാശവും ജനാധിപത്യവും സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ ഒന്നാമതായി പരിഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറയുന്നു. സ്ത്രീ സുരക്ഷയും പ്രധാനമാണ്. അഴിമതിക്കെതിരെ തുടരുന്ന പോരാട്ടത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഉറപ്പ് തരുന്നു. ഗള്‍ഫില്‍ നിന്ന് തിരികെ വരുന്നവരുടെ പുനരധിവാസം സര്‍ക്കാരിന്റെ കടമയാണന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നുണ്ട്.

1000 പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. 13000 ഖാദിത്തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തി ഖാദി ഗ്രാമങ്ങള്‍ തുടങ്ങും. മുഴുവന്‍ വീടുകളിലും ശുചിമുറി, 10000 പട്ടികജാതിക്കാര്‍ക്ക് വിവാഹ സഹായധനം, പട്ടികജാതി കോളനിയുടെ അടിസ്ഥാന വികസനത്തിന് 80 കോടി എന്നിവയും പ്രഖ്യാപിച്ചു. 500 ഓളം സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 150 കോടി നീക്കിവെച്ചു‍. വന്‍കിട ഐടി കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തില്‍ കൊണ്ടുവരാന്‍ പരിശ്രമിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി
ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ലേഖനത്തിലൂടെ വ്യക്തമാക്കുന്നു.

Related Tags :
Similar Posts