എടരികോടിനടുത്ത് കാറിനു മുകളിലൂടെ കണ്ടെയ്നര്‍ ലോറി മറിഞ്ഞ് 4 മരണംഎടരികോടിനടുത്ത് കാറിനു മുകളിലൂടെ കണ്ടെയ്നര്‍ ലോറി മറിഞ്ഞ് 4 മരണം
|കണ്ണൂരില്‍നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്
മലപ്പുറം എടരികോടിനടുത്ത് പാലച്ചിറമാടില്‍ കാറിനു മുകളിലൂടെ കണ്ടെയ്നര്‍ ലോറി മറിഞ്ഞ് 4 പേര്‍ മരിച്ചു. കണ്ണൂരില്‍നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. 4 പേര്‍ക്ക് പരിക്കുണ്ട്. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ 2.30ഓടെയാണ് അപകടമുണ്ടായത്. കണ്ണൂര്‍ ചൊക്ലിയില്‍ നിന്നും നെടുമ്പാശേരി വിമാനതാവളത്തിലേക്ക് പോവുകയായിരുന്ന കാര്‍ പാലച്ചിറമാട് വളവില്‍വെച്ച് കണ്ടെയ്നര്‍ ലോറിയിലിടിച്ചു. കാറിനെ ലോറി റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി. പിന്നീട് ലോറി കാറിനു മുകളിലൂടെ മറിയുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മൂന്നുപേര്‍ മരിച്ചു. ആശുപത്രിയില്‍വെച്ചാണ് ഒരാള്‍ മരിച്ചത്. ഗള്‍ഫിലേക്ക് പോകേണ്ട 29 വയസ്സുളള ഷംസീര്‍, ഇദ്ദേഹത്തിന്റെ സഹോദരന്‍ പര്‍വ്വേസ്, ഇവരുടെ സഹോദരിയുടെ ഭര്‍ത്താവ് നൌഫല്‍, അയല്‍വാസി ഷംസീര്‍ എന്നിവരാണ് മരിച്ചത്. 4 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തില്‍പെട്ടവരെ സന്നദ്ധപ്രവര്‍ത്തരാണ് വാഹനത്തില്‍നിന്നും പുറത്തെടുത്തത്.
സ്ഥിരമായി അപകടം നടക്കുന്ന പ്രദേശമാണിത്. അപകടം ഉണ്ടായ ഉടന്‍ ലോറിയിലെ ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു.