ചരിത്രത്തില്‍ ഇടംപിടിച്ച കമ്യൂണിസ്റ്റ് മന്ത്രിസഭയും വിമോചനസമരവുംചരിത്രത്തില്‍ ഇടംപിടിച്ച കമ്യൂണിസ്റ്റ് മന്ത്രിസഭയും വിമോചനസമരവും
|ഐക്യ കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പും കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയതും ലോക ചരിത്രത്തില്‍ തന്നെ ഇടംപിടിച്ചു.
ഐക്യ കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പും കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയതും ലോക ചരിത്രത്തില്‍ തന്നെ ഇടംപിടിച്ചു. ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ കൊണ്ടുവന്ന ഭൂപരിഷ്കരണ ബില്ലും വിദ്യാഭ്യാസ ബില്ലും വിപ്ലവകരമായ പരിഷ്കാരങ്ങളെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തി. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ വിമോചന സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടതും മറ്റൊരു ചരിത്രമായി.
1957 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 11 വരെ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ 126 സീറ്റുകളില്‍ 60 എണ്ണം നേടി കമ്യൂണിസ്റ്റ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അഞ്ച് സ്വതന്ത്രരുടെ കൂടി പിന്തുണയോടെ ഇഎംഎസിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1957 ഏപ്രില്‍ 5ന് സത്യപ്രതിജ്ഞ ചെയത് അധികാരം ഏറ്റെടുത്തു. ടി വി തോമസ്, സി അച്യുതമേനോൻ, കെ സി ജോർജ്ജ്, ജോസഫ് മുണ്ടശ്ശേരി, ഡോ. എ ആർ മേനോൻ, കെ പി ഗോപാലൻ, വി ആർ കൃഷ്ണയ്യർ, ടി എ മജീദ്, പി കെ ചാത്തൻ, കെ ആർ ഗൗരി എന്നിവരായിരുന്നു മന്ത്രിസഭാംഗങ്ങൾ. പാട്ടക്കാര്‍ക്കും കുടികിടപ്പുകാര്‍ക്കും ഭൂമിയില്‍ അവകാശം ഉറപ്പുവരുത്തിയ കാര്‍ഷിക ബന്ധ ബില്‍ ചരിത്രത്തിലെ നാഴികക്കല്ലായി. അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്ന വിദ്യാഭ്യാസ ബില്ലും സര്‍ക്കാരിന്‍റെ നേട്ടമായി. എന്നാല്‍ സര്‍ക്കാരിന്‍റെ പതനത്തിലേക്ക് വഴി തെളിച്ചതും ഈ രണ്ട് നടപടികള്‍ തന്നെയായിരുന്നു.
മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികദിനമായ 1959 ഏപ്രില്‍ 5ന് പ്രതിപക്ഷം അഴിമതിദിനം ആചരിച്ചു. ഏപ്രില്‍ 16ന് കോണ്‍ഗ്രസ് നേതാവ് പനമ്പള്ളി ഗോവിന്ദമേനോന്‍, വിമോചനസമരം പ്രഖ്യാപിച്ചു. ജൂണ്‍ 13 അങ്കമാലിയിലും ജൂണ്‍ 15ന് വെട്ടുകാട് പുല്ലുവിളയിലും വെടിവയ്പ്. ജൂലൈ 3 ചെറിയതുറയില്‍ നടന്ന വെടിവയ്പില്‍ ഫ്ലോറി എന്ന ഗര്‍ഭിണി മരിച്ചതോടെ സമരം ആളിക്കത്തി. സംസ്ഥാനത്ത് ഭരണസംവിധാനമാകെ തകർന്നുവെന്ന് ഗവർണർ കേന്ദ്രത്തെ അറിയിച്ചു. സമ്മര്‍ദ്ദം ശക്തമായതോടെ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയുടെ 356 ആം വകുപ്പ് ഉപയോഗിച്ച് ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ടു. 1959ന് ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ നിന്ന് പുറത്തായി.