ഓട്ടോയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചതായി പരാതി
|രോഷാകുലരായ നാട്ടുകാര്‍ തൃശൂര്‍ എലൈറ്റ് ആശുപത്രി ഉപരോധിച്ചു
തൃശൂരില്‍ ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ സ്വകാര്യ ആശുപത്രിയിലെ ചികിത്സ നിഷേധിച്ചത് മൂലം മരിച്ചതായി പരാതി. നെടുപുഴ സ്വദേശി രണദേവാണ് മരിച്ചത്. രോഷാകുലരായ നാട്ടുകാര്‍ തൃശൂര്‍ എലൈറ്റ് ആശുപത്രി ഉപരോധിച്ചു.
വ്യാഴാഴ്ച രാവിലെ തൃശൂര്‍ വലിയാലുക്കല്‍ വെച്ചായിരുന്നു അപകടം. ഓട്ടോറിക്ഷയിടിച്ച രണദേവിന് ഗുരുതരമായി പരിക്കേറ്റു. സമീപത്തുള്ള എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് പറഞ്ഞ് രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് വിട്ടു. എന്നാല്‍ തലക്ക് പരിക്കേറ്റ രണദേവ് ഇന്നലെ മരിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് എലൈറ്റ് ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി എടുക്കും വരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.
പ്രാഥമിക അന്വേഷണത്തില്‍ ആശുപത്രിക്ക് വീഴ്ച പറ്റിയതായാണ് പൊലീസിന്റെ കണ്ടെത്തല്‍. അത്യാഹിത വിഭാഗത്തില്‍ പ്രാഥമിക ശ്രുശ്രൂഷ നല്‍കാതെ വിട്ടെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ അബോധാവസ്ഥയിലായ രോഗിക്ക് വെന്റിലേറ്റര്‍ സൌകര്യമില്ലാത്തതിനാല്‍ തങ്ങളുടെ തന്നെ ആംബുലന്‍സിലാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയതെന്നാണ് ആശുപത്രി അധികൃതര്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്.