< Back
Kerala
കണ്ണൂരിലെ സര്‍വ്വകക്ഷി സമാധാന യോഗം യുഡിഎഫ് ബഹിഷ്കരിച്ചുകണ്ണൂരിലെ സര്‍വ്വകക്ഷി സമാധാന യോഗം യുഡിഎഫ് ബഹിഷ്കരിച്ചു
Kerala

കണ്ണൂരിലെ സര്‍വ്വകക്ഷി സമാധാന യോഗം യുഡിഎഫ് ബഹിഷ്കരിച്ചു

Sithara
|
24 May 2018 7:49 AM IST

പി ജയരാജനും സതീശന്‍ പാച്ചേനിയും തമ്മിലാണ് വാക്കേറ്റമുണ്ടായത്. സര്‍വകക്ഷിയോഗം പാര്‍ട്ടി സമ്മേളനമാക്കി മാറ്റിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കണ്ണൂരിലെ സമാധാന യോഗം സിപിഎം പാര്‍ട്ടി സമ്മേളനമാക്കി മാറ്റിയെന്നാരോപിച്ച് യുഡിഎഫ് നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് യോഗം അലങ്കോലമായി. യുഡിഎഫ് ജനപ്രതിനിധികളെ ഒഴിവാക്കിയ സമാധാന യോഗത്തിന്‍റെ വേദിയില്‍ കെ കെ രാഗേഷ് എംപിയെ ഇരുത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. സര്‍ക്കാരിനോടുള്ള ചോദ്യങ്ങള്‍ക്ക് പി ജയരാജനാണ് മറുപടി പറയുന്നതെന്നും ജയരാജനുള്ള യോഗത്തില്‍ ഇനി പങ്കെടുക്കില്ലെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.

യോഗത്തിലേക്ക് ഓരോ പാര്‍ട്ടിയില്‍ നിന്നും രണ്ട് പേരെ പങ്കെടുപ്പിക്കാനാണ് നിര്‍ദേശിച്ചിരുന്നത്. എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. യോഗം തുടങ്ങിയപ്പോള്‍ തന്നെ രാഗേഷിനെ പങ്കെടുപ്പിച്ചതും കോണ്‍ഗ്രസ് എംഎല്‍എമാരെ ക്ഷണിക്കാത്തതും ചൂണ്ടിക്കാട്ടി യുഡിഎഫ് നേതാക്കള്‍ ബഹളം വെച്ചു. സതീശന്‍ പാച്ചേനിയും പി ജയരാജനും തമ്മില്‍ വാക്കേറ്റമുണ്ടായി. തന്നെ ചൊല്ലി തര്‍ക്കം വേണ്ടെന്നും താന്‍ മാറിനില്‍ക്കാമെന്നും കെ കെ രാഗേഷ് പറഞ്ഞെങ്കിലും യോഗത്തില്‍ തുടരാന്‍ പി ജയരാജന്‍ ആവശ്യപ്പെടുകയായിരുന്നു.

സര്‍വകക്ഷി യോഗത്തിന് ശേഷം എംഎല്‍എമാരുടെ യോഗം വിളിക്കാമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ശാന്തരായില്ല. തുടര്‍ന്ന് നേതാക്കള്‍ ഇറങ്ങിപ്പോയി. സര്‍വകക്ഷിയോഗം പാര്‍ട്ടി സമ്മേളനമാക്കി മാറ്റിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. യോഗം ബഹിഷ്കരിച്ച യുഡിഎഫ് നേതാക്കള്‍ കലക്ട്രേറ്റില്‍ പ്രതിഷേധ പ്രകടനം നടത്തി. മന്ത്രി എ കെ ബാലന്‍റെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു യോഗം.

ഇതിനിടെ ഷുഹൈബ് വധക്കേസിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ സുധാകരന്‍ കലക്ട്രേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് മൂന്നാം ദിവത്തിലേക്ക് കടന്നു. സമരം സംബന്ധിച്ച ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ നാളെ കണ്ണൂരിൽ യുഡിഎഫ് ഉന്നതാധികാര സമിതി യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

Similar Posts