പാലക്കാട് ജില്ലാ ആശുപത്രിയില്‍ ആശ്രിതരില്ലാത്ത രോഗികളോട് കൊടുംക്രൂരത
|സഹായിക്കാന്‍ ആളില്ലാതെ ബുദ്ധിമുട്ടിയെ ഇവരെ പൊലീസ് ആണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
പാലക്കാട് ജില്ലാ ആശുപത്രിയില്‍ കൂട്ടിനാളില്ലാത്ത രോഗികളോട് അധികൃതരുടെ ക്രൂരമായ അവഗണന. ബന്ധുക്കളോ സഹായികളോ ഇല്ലാത്ത രണ്ട് വൃദ്ധരാണ് കൃത്യമായി ഭക്ഷണമോ വസ്ത്രമോ കിട്ടാതെ ആശുപത്രിയില്‍ നരക യാതന അനുഭവിച്ചത്. കരഞ്ഞപേക്ഷിച്ചാല്‍ മാത്രമാണ് നാമമാത്രമായ സഹായം കിട്ടുന്നതെന്ന് രോഗികള്‍ മീഡിയവണിനോട് പറഞ്ഞു. ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു.
പാലക്കാട് ജില്ലാ ആശുപത്രിയിൽ അനാഥരും വയോധികരുമായ രണ്ട് രോഗികൾ പൂർണ്ണ നഗ്നരായി തറയിൽ കിടക്കുന്ന രണ്ട് ചിത്രങ്ങളാണ് മീഡിയവൺ വാർത്താസംഘത്തിന് ആദ്യം ലഭിച്ചത്. ആശുപത്രിയിൽ നേരിട്ട് ചെന്നപ്പോൾ ഞങ്ങൾ കണ്ട ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. പുരുഷൻമാരുടെ ജനറൽ വാർഡിനടുത്തുള്ള മുറിയിലെ തറയിൽ അൽപ വസ്ത്രധാരികളായ രണ്ട് പേർ. പ്രായം 70ന് മുകളിൽ തോന്നിക്കുന്ന വയോധികർ. മനുഷ്യ വിസർജ്ജ്യം പറ്റിപ്പിടിച്ച് കിടക്കുന്ന തറയിൽ ഭക്ഷണ സാധനങ്ങൾ ചിതറിക്കിടക്കുന്നു.
ഒരു രോഗി ഞങ്ങളോട് സംസാരിച്ചു. പേര് ഹമീദ്. തലശ്ശേരി സ്വദേശിയാണ്. മൂന്ന് ദിവസമായി ഹമീദ് ഇവിടെ എത്തിയിട്ട്. മാനസിക അസ്വാസ്ഥ്യമുള്ള രണ്ടാമത്തെ രോഗി രണ്ടാഴ്ചയായി ഈ അവസ്ഥയില്‍ ഇവിടെ കഴിയുന്നു. രോഗികളോട് കാണിച്ച അവഗണനയെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു.