< Back
Kerala
Kerala

കൊന്നമരച്ചോട്ടില്‍ അഗതികള്‍ക്ക് ഭക്ഷണമേകി ഒരു നന്‍മ മരം

admin
|
27 May 2018 3:23 AM IST

കതൃക്കടവ് റോഡിലെ നന്‍മ മരം എന്ന റഫ്രിജറേറ്ററില്‍ വീട്ടില്‍ ബാക്കി വരുന്ന ഭക്ഷണസാധനങ്ങള്‍ കൊണ്ടുവയ്ക്കാം

എത്രയോ വയറുകള്‍ നിറയേണ്ട എത്ര പേരുടെ വിശപ്പുകള്‍ മാറ്റേണ്ട ഭക്ഷണമാണ് നാം വെറുതെ കളയാറുള്ളതെന്ന് എപ്പോഴെങ്കിലും ഓര്‍ത്തിട്ടുണ്ടോ. അല്ലെങ്കില്‍ ഒരു ആവശ്യവുമില്ലാതെ ഭക്ഷണ സാധനങ്ങള്‍ കളയുമ്പോള്‍ ഈ മുഖങ്ങളെ നിങ്ങള്‍ ഓര്‍ക്കാറുണ്ടോ...എങ്കില്‍ ഇനി മുതല്‍ നിങ്ങള്‍ ഓര്‍ക്കണം, അത് കലൂര്‍, കതൃക്കടവ് റോഡിലെ 'പപ്പടവട' റെസ്‌റ്റോറന്റിനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന 'നന്മമരം' എന്ന ഈ സ്‌നേഹ റഫ്രിജറേറ്ററില്‍ കൊണ്ടുവയ്‌ക്കാം, അത്‌ ആവശ്യക്കാര്‍ എടുത്തോളും. പക്ഷേ കേടുവരാത്ത ഭക്ഷണമായിരിക്കണം, അതും നന്നായി പാക്ക് ചെയ്ത് വേണം നന്‍മ മരത്തില്‍ നിക്ഷേപിക്കാന്‍.

എം.ജി റോഡില്‍ രണ്ടുവര്‍ഷത്തിനുമുമ്പ് ആരംഭിച്ച പപ്പടവട റെസ്റ്റോറന്റിന്റെ രണ്ടാമത്തെ ബ്രാഞ്ചാണ് ഇവിടെ ആരംഭിച്ചിരിക്കുന്നത്. പുതിയ ഹോട്ടലിന്റെയും സ്നേഹ ഫ്രിഡ്ജിന്റെയും ഉദ്ഘാടനം ചലച്ചിത്ര താരം ജോജു ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ 420ലി. റഫ്രിജറേറ്ററിന്റെ മുഴുവന്‍ ചെലവും 'പപ്പടവട' വഹിക്കും, ഇതിനു പുറമെ ദിവസവും 50 ഭക്ഷണപ്പൊതികളും പപ്പടവടയുടെ വകയായി ഈ റഫ്രിജറേറ്ററില്‍ വെയ്‌ക്കും. ഭക്ഷണത്തിനു വകയില്ലാത്ത ആളുകള്‍ക്ക്‌ ഇവിടെ വന്ന്‌ ആവശ്യത്തിനനുസരിച്ച്‌ ഭക്ഷണമെടുക്കാം . ആഴ്ചയില്‍ രണ്ടുതവണ ഇവര്‍ തന്നെ ഫ്രിഡ്ജ് വൃത്തിയാക്കും.

എറണാകുളത്തെ വീടുകളിലും ഹോട്ടലുകളിലും ബാക്കിയാവുന്ന, കേടുവരാത്ത ഭക്ഷണസാധനങ്ങള്‍ അവരവര്‍ തന്നെ വൃത്തിയായി പാക്കു ചെയ്‌ത്‌ ഈ സ്‌നേഹ റഫ്രിജറേറ്ററില്‍ കൊണ്ടുവയ്‌ക്കാനും സൗകര്യമുണ്ട്. ഭക്ഷണപ്പൊതികള്‍ വയ്ക്കുമ്പോള്‍ അതു പാചകം ചെയ്ത തിയതി കൂടി രേഖപ്പെടുത്തണമെന്നും സംഘാടകർ ആവശ്യപ്പെടുന്നു. അമൂല്യമായ പ്രകൃതിവിഭവങ്ങള്‍ പാഴാക്കിക്കളയാതിരിക്കാനും അവ വിശന്നു പൊരിയുന്നവര്‍ക്ക്‌ ലഭ്യമാക്കുകയുമാണ് നന്മമരത്തിലൂടെ പപ്പടവട സ്ഥാപകയായ മിനു പൗളിന്‍ ലക്ഷ്യമിടുന്നത്.

Similar Posts