പാരാ മെഡിക്കല്‍ കോഴ്സുകള്‍ നിര്‍ത്തലാക്കാന്‍ അനുവദിക്കില്ലെന്ന് ഉമ്മന്‍ചാണ്ടിപാരാ മെഡിക്കല്‍ കോഴ്സുകള്‍ നിര്‍ത്തലാക്കാന്‍ അനുവദിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി
|ആരോഗ്യ സര്‍വകലാശാലയുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ നടപ്പാക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു
സര്‍വകലാശാലകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന പാരാ മെഡിക്കല്‍ കോഴ്സുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി. ആരോഗ്യ സര്‍വകലാശാലയുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ നടപ്പാക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പാരാ മെഡിക്കല്‍ കോഴ്സുകളുടെ അടച്ചുപൂട്ടല്‍ ഭീഷണി സംബന്ധിച്ച് മീഡിയവണ്‍ കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു.
ആരോഗ്യ സര്‍വകലാശാലയുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ സര്‍വകലാശാലകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന പാരാമെഡിക്കല്‍ കോഴ്സുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സഹാചര്യത്തില്‍ വിദ്യാര്‍ഥികളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളി സകൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ സെന്‍ററിലെത്തി വിദ്യര്‍ഥികളെ കണ്ടത്. കോഴ്സുകള്‍ നിര്‍ത്തലാക്കിയാല്‍ ഉണ്ടാകുന്ന ആശങ്കകളും ഭാവി പ്രശ്നങ്ങള്‍ സംബന്ധിച്ചും വിദ്യാര്‍ഥികളും അധ്യാപക-അനധ്യാപകരും ഉമ്മന്‍ചാണ്ടിയെ അറിയിച്ചു.
എസ്എംഇ അടക്കമുള്ള പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് ആരോഗ്യ സര്‍വകലാശാലയുടെ അംഗീകാരം ലഭിക്കണമെന്നാണ് വിദ്യര്‍ഥികളുടെ ആവശ്യം. അതു സാധ്യമായില്ലെങ്കില്‍ ആരോഗ്യ സര്‍വകലാശാല പൂര്‍ണ്ണ സൌകര്യമൊരുക്കി സര്‍വകലാശാലയുടെ പാരാ മെഡിക്കല്‍ കോഴ്സുകളെ ഏറ്റെടുക്കണമെന്നും വിദ്യര്‍ഥികള്‍ ആവശ്യപ്പെടുന്നു. ഇപ്പോള്‍ സമരമാര്‍ഗത്തിലേക്ക് നീങ്ങേണ്ടതില്ലെന്നും ആവശ്യം സംബന്ധിച്ച് വിദ്യര്‍ഥികളുടെ നിവേദനം മുഖ്യമന്ത്രിക്കു കൈമാറി വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ഉറപ്പു നല്‍കിയാണ് ഉമ്മന്‍ചാണ്ടി മടങ്ങിയത്.