< Back
Kerala
റോഡ്‌ഷോകളും സാംസ്കാരിക കൂട്ടായ്മയുമൊക്കെയായി കൊല്ലത്തെ പ്രചരണം തകൃതിറോഡ്‌ഷോകളും സാംസ്കാരിക കൂട്ടായ്മയുമൊക്കെയായി കൊല്ലത്തെ പ്രചരണം തകൃതി
Kerala

റോഡ്‌ഷോകളും സാംസ്കാരിക കൂട്ടായ്മയുമൊക്കെയായി കൊല്ലത്തെ പ്രചരണം തകൃതി

admin
|
28 May 2018 12:55 AM IST

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നടന്‍ ഇന്നസെന്റ് എംപിയുമായിരുന്നു ഇന്നലെ കൊല്ലം മണ്ഡലത്തിലെ പ്രധാന പ്രചാരകര്‍.

പ്രചവനാതീത മത്സരം നടക്കുന്ന കൊല്ലം നിയമസഭാ മണ്ഡലത്തില്‍ ഓരോ വോട്ടും ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണികള്‍. റോഡ്‌ഷോകളും സാംസ്കാരിക കൂട്ടായ്മയുമൊക്കെയായാണ് മൂന്നാംഘട്ട പ്രചാരണം കൊല്ലത്ത് പുരോഗമിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നടന്‍ ഇന്നസെന്റ് എംപിയുമായിരുന്നു ഇന്നലെ കൊല്ലം മണ്ഡലത്തിലെ പ്രധാന പ്രചാരകര്‍.

ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ ഇന്നലെ പൊതുപരിപാടികളുമായി ഓട്ടപ്രദക്ഷിണം നടത്തിയ മുഖ്യമന്ത്രി പക്ഷേ കൊല്ലം നിയമസഭാ മണ്ഡലത്തില്‍ വ്യത്യസ്തമായ പ്രചരണമാണ് നടത്തിയത്. മറ്റ് മണ്ഡലങ്ങളില്‍ പ്രസംഗം മാത്രമായിരുന്നെങ്കില്‍ കൊല്ലത്ത് മുഖ്യമന്ത്രി റോഡ് ഷോ തന്നെ നടത്തി. സ്ഥാനാര്‍ത്ഥി സൂരജ് രവിക്കൊപ്പം തീരപ്രദേശങ്ങളില്‍ തുറന്ന വാഹനത്തില്‍ സഞ്ചരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രചരണം. റോഡ്‌ഷോ അണികളില്‍ ആവേശമുയര്‍ത്തിയതോടെ ഉമ്മന്‍ചാണ്ടി വാഹനത്തില്‍ നിന്നിറങ്ങി പ്രവര്‍ത്തകര്‍ക്കൊപ്പം ഒരു കിലോമീറ്ററോളം നടന്നു.

ഉമ്മന്‍ചാണ്ടിയുടെ റോഡ്‌ഷോ നടക്കുന്നതിന് നൂറ് മീറ്റര്‍ അകലെ വാടിയിലായിരുന്നു മുകേഷിനായി എല്‍ഡിഎഫിന്റെ സാംസ്കാരിക കൂട്ടായ്മ. നടന്‍ ഇന്നസെന്റ് എംപിയായിരുന്നു സാംസ്കാരിക കൂട്ടായ്മയുടെ ഉദ്ഘാടകന്‍. സരിതവിവാദത്തില്‍ സ്വതസിദ്ധമായ ശൈലിയില്‍ ഇന്നസെന്റ് സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ തൊടുത്തുവിട്ടതോടെ പ്രവര്‍ത്തകര്‍ ആവേശത്തിലായി. ഒരേസമയം സംഘടിപ്പിക്കപ്പെട്ടതായതുകൊണ്ട് തന്നെ പരിപാടികളില്‍ പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കാനും മുന്നണികള്‍ ഇന്നലെ മത്സരമായിരുന്നു.

Similar Posts