< Back
Kerala
ആര്‍ക്കും വേണ്ടാത്ത പതിമൂന്നാം നമ്പര്‍ആര്‍ക്കും വേണ്ടാത്ത പതിമൂന്നാം നമ്പര്‍
Kerala

ആര്‍ക്കും വേണ്ടാത്ത പതിമൂന്നാം നമ്പര്‍

admin
|
27 May 2018 1:15 PM IST

13ആം നമ്പര്‍ അത്ര ഭാഗ്യമുള്ള നമ്പരല്ലെന്ന് ഒരു വിശ്വാസമുണ്ട്.

13ആം നമ്പര്‍ അത്ര ഭാഗ്യമുള്ള നമ്പരല്ലെന്ന് ഒരു വിശ്വാസമുണ്ട്. മന്ത്രിമാര്‍ പൊതുവെ 13ആം നമ്പര്‍ വാഹനങ്ങള്‍ ഉപയോഗിക്കാറില്ല. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാറിലെ മന്ത്രിമാരുടെ വാഹനങ്ങളുടെ കൂട്ടത്തിലും പതിമൂന്നാം നമ്പരില്ല.

19 മന്ത്രിമാര്‍ക്കായി 19 സ്റ്റേറ്റ് കാറുകളാണ് സത്യപ്രതിജ്ഞ വേദിക്കരികില്‍ നിരന്നത്. മുഖ്യമന്ത്രിയുടെ ഒന്നാം നമ്പര്‍ മുതല്‍ 20ആം നമ്പര്‍ വരെ. കാര്‍ ഒരെണ്ണം കൂടുതലാണോ? അല്ല ഒരെണ്ണം മനഃപൂര്‍വ്വം വിട്ടുകളഞ്ഞതാണ്. നമ്പര്‍ 13 ആണ് ആ ഹതഭാഗ്യന്‍.

മന്ത്രി വി എസ് സുനില്‍ കുമാറിന്റെ പന്ത്രണ്ടാം നമ്പര്‍ കഴിഞ്ഞാല്‍ അടുത്തത് മന്ത്രി പി തിലോത്തമന്റെ 14ആം നമ്പര്‍ കാര്‍. 13ആം നമ്പര്‍ ആകപ്പാടെ വശപ്പിശകാണെന്നാണ് വെപ്പ്. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് അദ്ദേഹത്തിന്റെ പതിമൂന്നാമത്തെ ശിഷ്യനല്ലേ. യേശുവിനെ കുരിശേറ്റിയതും ഒരു പതിമൂന്നാം തീയതിയാണെന്നാണ് ചില രേഖകള്‍. എന്തിനധികം, നമ്മുടെ കേരളത്തില്‍ തന്നെ നോക്കാം, പതിമൂന്നാം നിയമസഭയില്‍ പതിമൂന്നാം ബജറ്റ് അവതരിപ്പിക്കുമ്പോഴല്ലേ സഭ അലമ്പായത്.

കഴിഞ്ഞ സര്‍ക്കാരിലും പതിമൂന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ഉണ്ടായിരുന്നില്ലെന്നത് വേറെ കാര്യം. വി എസ് മന്ത്രിസഭയില്‍ എം എ ബേബി പതിമൂന്നാം നമ്പര്‍ കാര്‍ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഈ സര്‍ക്കാരിലെ മന്ത്രിമാരാരും 13ആം സ്റ്റേറ്റ് കാറില്‍ കയറി പൊല്ലാപ്പിന് നില്‍ക്കുന്നില്ല. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തവര്‍ മാത്രമല്ല, സഗൌരവം സത്യപ്രതിജ്ഞ ചെയ്തവരും നമ്പരിന്റെ നിര്‍ഭാഗ്യത്തിലൊക്കെ വിശ്വസിക്കുന്നുണ്ടാവും. ഓരോരോ കീഴ്‌വഴക്കങ്ങളല്ലേ.

Similar Posts