< Back
Kerala
വിഎസിന് ഇന്ന് 93ആം പിറന്നാള്‍വിഎസിന് ഇന്ന് 93ആം പിറന്നാള്‍
Kerala

വിഎസിന് ഇന്ന് 93ആം പിറന്നാള്‍

Sithara
|
28 May 2018 2:47 PM IST

പ്രത്യയ ശാസ്ത്രത്തിലും ജീവിതചര്യകളിലും പുലര്‍ത്തുന്ന കാര്‍ക്കശ്യം തന്നെയാണ് ഈ പ്രായത്തിലും വിഎസിന്‌റെ സജീവതയുടെ രഹസ്യം

വി എസ് അച്യുതാനന്ദന് ഇന്ന് 93ആം പിറന്നാള്‍. പ്രത്യയ ശാസ്ത്രത്തിലും ജീവിതചര്യകളിലും പുലര്‍ത്തുന്ന കാര്‍ക്കശ്യം തന്നെയാണ് ഈ പ്രായത്തിലും വിഎസിന്‌റെ സജീവതയുടെ രഹസ്യം. പിറന്നാള്‍ കേക്കും പായസവും ഒഴിച്ചാല്‍ പതിവുപോലെ ആര്‍ഭാടങ്ങളില്ലാത്ത പിറന്നാള്‍ തന്നെയായിരിക്കും വിഎസിന് ഇത്തവണയും.

1923 ഒക്ടോബര്‍ 20നാണ് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‌റെ ജനനം. വയസ്സ് തൊണ്ണൂറ്റി മൂന്നിലെത്തി നില്‍ക്കുമ്പോഴും ആരെയും വിസ്മയിപ്പിക്കുന്ന ഊര്‍ജ്ജവുമായി രാഷ്ട്രീയ - ഭരണ രംഗത്ത് സജീവമാണ് വിഎസ്. പാര്‍ട്ടിക്കാര്യമായാലും ഭരണകാര്യമായാലും വിഎസിന്‌റെ ഓരോ വാക്കുകള്‍ക്കും കാതോര്‍ത്തിരിക്കുന്നു ഇപ്പോഴും കേരളം. ഏത് കേന്ദ്രങ്ങളെയും സമ്മര്‍ദ്ദത്തിലാക്കും ആ വാക്കുകളിലെ വീര്യം.

നിലപാടുകളിലെ ഈ കാര്‍ക്കശ്യം ജീവിതരീതികളിലും പുലര്‍ത്തുന്നതാണ് വിഎസിനെ വിപ്ലവ യൗവനമായി നിലനിര്‍ത്തുന്നത്. അതിരാവിലെ എണീക്കുന്നത് തൊട്ട് പ്രഭാത കര്‍മ്മങ്ങള്‍, അര മണിക്കൂര്‍ നടത്തം, പത്ര വായന, കുളി, യോഗ, വെയില്‍ കായല്‍ എന്നിങ്ങനെ എത്രയോ കാലങ്ങളായി പുലര്‍ത്തിവരുന്ന ചിട്ടകളില്‍ ഒരു മാറ്റവുമില്ല. ഭക്ഷണത്തിലും ഉറക്കത്തിലുമുണ്ട് ഈ കൃത്യനിഷ്ഠത. രക്തസമ്മര്‍ദ്ദമൊഴിച്ചാല്‍ മറ്റ് അസുഖങ്ങളുടെ ശല്യവുമില്ല.

നിയമസഭാ സമ്മേളന കാലമായതിനാല്‍ പിറന്നാള്‍ ദിനത്തിലും രാവിലെ മുതല്‍ വിഎസ് കര്‍മ്മ നിരതനായിരിക്കും. ഉച്ചയൂണിന് സ്‌പെഷ്യലായി ഒരു പായസം. കൂടിയാല്‍ ഒരു പിറന്നാള്‍ കേക്കും. പിന്നെ സുഹൃത്തുക്കളുടെയും അടുപ്പക്കാരുടെയും പിറന്നാള്‍ ആശംസകള്‍ ഏറ്റുവാങ്ങല്‍. ഇവയിലൊതുങ്ങും വിഎസിന്‌റെ പിറന്നാള്‍ ആഘോഷങ്ങള്‍. വിഎസ് ഭാഗമായ സിനിമയുടെ അണിയറപ്രവര്‍ത്തകരും പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ നേരാനെത്തുന്നുണ്ട്.

Related Tags :
Similar Posts