< Back
Kerala
തൃശൂര്‍ പൂരത്തിനിടെ ആനകളെ ക്രൂരമായി പീഡിപ്പിച്ചുതൃശൂര്‍ പൂരത്തിനിടെ ആനകളെ ക്രൂരമായി പീഡിപ്പിച്ചു
Kerala

തൃശൂര്‍ പൂരത്തിനിടെ ആനകളെ ക്രൂരമായി പീഡിപ്പിച്ചു

admin
|
28 May 2018 5:44 AM IST

ആരോഗ്യമില്ലാത്ത ആനകളെ മണിക്കൂറുകളോളം വെയിലത്ത് നിര്‍ത്തി. തോട്ടി ഉപയോഗിച്ച് ആനകളെ മര്‍ദ്ദിച്ചു.

ആനകളുടെ എഴുന്നള്ളിക്കുന്നതിന് നേരത്തെ സുപ്രീംകോടതി മുന്നോട്ട് വെച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നുറപ്പ് വരുത്താന്‍ മൃഗ സംരക്ഷണ ബോര്‍ഡും, മൃഗ സംരക്ഷണ സംഘടനയായ പീറ്റയുടെ പ്രവര്‍ത്തകരും വിദഗ്ധ ഡോക്ടര്‍മാരും പൂരം നടന്ന ദിവസം പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ഫിറ്റ്‌നസ്സ് പന്തലില്‍ പരിശോധന നടത്താന്‍ അനുവദിച്ചില്ലെന്നും, അതിനാല്‍ എഴുന്നള്ളിച്ച സ്ഥലത്തെത്തിയാണ് പരിശോധന നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ ആദ്യം തന്നെ പറയുന്നു. പൂരത്തിന് എഴുന്നള്ളിച്ച 67 ആനകളില്‍ 31 എണ്ണത്തിന് ഉടമസ്ഥാവകാശ രേഖകളില്ല. ആരോഗ്യമില്ലാത്ത, മുറവേറ്റതും, കാഴ്ചയില്ലാത്തതുമായ ആനകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. മുറിവുകള്‍ കറുത്ത ചായം തേച്ച് മറച്ചു വെച്ചു.

ആരോഗ്യമില്ലാത്ത ആനകളെ ഭക്ഷണവും വെള്ളവും നല്‍കാതെ മണിക്കൂറുകളോളം വെയിലത്ത് നിര്‍ത്തി. തോട്ടി പോലുള്ള ഉപകരണങ്ങള്‍ കൊണ്ട് മര്‍ദ്ദിക്കുകയും, എഴുന്നള്ളിപ്പിലുടനീളം നാല് കാലുകളും ചങ്ങലകള്‍ കൊണ്ട് ബന്ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യമില്ലാത്ത ആനകള്‍ക്ക് വനം വന്യജീവി വകുപ്പ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അനധികൃതമായി കാട്ടില്‍ നിന്ന് പിടികൂടിയ ആനകള്‍ക്ക് ഉടമസ്ഥാവകാശരേഖ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഒരു മൃഗാവകാശസംഘടന നല്‍കിയ ഹര്‍ജിയിലാണ് മൃഗസംരക്ഷണ ബോര്‍ഡ് സുപ്രീംകോടതിയില്‍ ഈ റിപ്പോര്‍ട്ട് നല്‍കിയത്.

Related Tags :
Similar Posts