മധുവിനെ മര്‍ദ്ദിച്ച് കൊന്ന സംഭവം: ഹൈകോടതി സര്‍ക്കാരിനോട് വിശദീകരണം തേടിമധുവിനെ മര്‍ദ്ദിച്ച് കൊന്ന സംഭവം: ഹൈകോടതി സര്‍ക്കാരിനോട് വിശദീകരണം തേടി
|വിഷയം സംബന്ധിച്ച് പഠിക്കാൻ അഡ്വ. ദീപക്കിനെ അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചു.
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ ഹൈകോടതി സ്വമേധയാ എടുത്ത കേസിൽ സർക്കാരിന്റെ വിശദീകരണം തേടി. 15 ദിവസത്തിനകം വിശദീകരണം നൽകാനാണ് നിർദേശം. വിഷയം ഗൗരവമുള്ളതെന്ന് കോടതി വ്യക്തമാക്കി. വിഷയം സംബന്ധിച്ച് പഠിക്കാൻ അഡ്വ. ദീപക്കിനെ അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചു.
കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ചുമതലയുള്ള ജസ്റ്റിസ് കെ സുരേന്ദ്രമോഹന്‍ നല്‍കിയ കത്ത് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. വിഷയം ഗൗരവമുള്ളതാണെന്നും ഇടപെടേണ്ടതുണ്ടെന്നും കോടതി സൂചിപ്പിച്ചു.
മധുവിന്റെ മരണം ഭക്ഷണത്തിന്റെ മാത്രം പ്രശ്നമല്ലെന്നും അവിടെ കുറ്റകൃത്യം നടന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. ആദിവാസികൾക്ക് നൽകിയ ഭൂമി സ്വകാര്യവ്യക്തികൾ കയ്യേറിയെന്നും സർക്കാർ അറിയിച്ചു. അഗളിയിൽ സ്പെഷല്‍ കോര്‍ട്ട് രൂപീകരിക്കുന്നത് സംബന്ധിച്ച കോടതി നിർദേശത്തിൽ സർക്കാർ സ്വീകരിച്ച നടപടി അറിയിക്കണമെന്നും കോടതി നിർദേശം നൽകി.
പരിഷ്‌കൃത സമൂഹത്തില്‍ നാണക്കേടുണ്ടാക്കിയ വിഷയത്തില്‍ ഇടപെടണമെന്നായിരുന്നു ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് സുരേന്ദ്രമോഹൻ നല്‍കിയ കത്തിലെ ആവശ്യം. അരി ഉള്‍പ്പടെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മോഷ്ടിച്ചുവെന്നതാണ് മധുവിനെതിരെ പ്രതികള്‍ കണ്ടെത്തിയ കുറ്റം. സംഭവം സമൂഹത്തിലെ മൂല്യച്യുതിക്ക് ഉദാഹരണമാണെന്നും കത്തില്‍ പറഞ്ഞിരുന്നു