< Back
Kerala
ബംഗ്ലാദേശി പെണ്‍കുട്ടികളെ നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കും: മനുഷ്യാവകാശ കമ്മീഷന്‍ അംഗംബംഗ്ലാദേശി പെണ്‍കുട്ടികളെ നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കും: മനുഷ്യാവകാശ കമ്മീഷന്‍ അംഗം
Kerala

ബംഗ്ലാദേശി പെണ്‍കുട്ടികളെ നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കും: മനുഷ്യാവകാശ കമ്മീഷന്‍ അംഗം

admin
|
29 May 2018 4:53 AM IST

കോഴിക്കോട് മഹിളാ മന്ദിരത്തില്‍ കഴിയുന്ന ബംഗ്ലാദേശി പെണ്‍കുട്ടികളെ മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി മോഹന്‍ദാസ് സന്ദര്‍ശിച്ചു.

കോഴിക്കോട് മഹിളാ മന്ദിരത്തില്‍ കഴിയുന്ന ബംഗ്ലാദേശി പെണ്‍കുട്ടികളെ മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി മോഹന്‍ദാസ് സന്ദര്‍ശിച്ചു. ലൈംഗിക പീഡനക്കേസിലെ ഇരകളും സാക്ഷികളുമായ പെണ്‍കുട്ടികളെ എട്ട് വര്‍ഷം തടഞ്ഞുവെച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സന്നദ്ധ സംഘടനയായ ആം ഓഫ് ജോയി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടല്‍. പെണ്‍കുട്ടികളെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും പി മോഹനദാസ് അറിയിച്ചു.

ബംഗ്ലദേശികളായ നാല് പെണ്‍കുട്ടികളെയും മഹിളാമന്ദിരത്തിലെത്തി സന്ദര്‍ശിച്ച മനുഷ്യാവകാശ കമ്മീഷനംഗം പി മോഹനദാസ് ഇവരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പെരുന്നാളിനെങ്കിലും നാട്ടിലെത്തിക്കണമെന്ന് പെണ്‍കുട്ടികള്‍ കമ്മീഷനോട് അപേക്ഷിച്ചു. കേസില്‍ ഇരകളും സാക്ഷികളുമായ പെണ്‍കുട്ടികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനാവാത്തത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്ന് പി.മോഹനദാസ് മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയോയെന്ന് അന്വേഷിക്കുമെന്ന് മോഹനദാസ് പറഞ്ഞു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനില്‍ നിന്നും സംഭവത്തെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടും. പെണ്‍കുട്ടികളെ നാട്ടിലെത്തിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും കമ്മീഷനംഗം പറഞ്ഞു. മനുഷ്യക്കടത്തിനും ലൈംഗിക പീഡനത്തിനും ഇരയായ ഈ പെണ്‍കുട്ടികളെ എട്ട് വര്‍ഷം മുന്‍പാണ് ഒരു പെണ്‍വാണിഭ സംഘത്തില്‍ നിന്നും മോചിപ്പിച്ച് പോലീസ് മഹിളാ മന്ദിരത്തില്‍ എത്തിച്ചത്.

Related Tags :
Similar Posts