ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ പരാതിയില്‍ നിസാമിനെതിരെ കേസെടുത്തു
|കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാം സഹോദരങ്ങള്‍ക്കെതിരെ വധഭീഷണി മുഴക്കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി
സഹോദരന്‍മാരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മുഹമ്മദ് നിസാമിനെതിരെ കേസെടുത്തു. അന്തിക്കാട് പൊലീസിനാണ് കേസന്വേഷണ ചുമതല. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ സഹോദരങ്ങള്‍ റൂറല്‍ എസ് പിക്ക് അപേക്ഷ നല്‍കി. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് കേസെടുത്തത്. വധഭീഷണി, അസഭ്യം പറച്ചില്‍ എന്നീ കുറ്റങ്ങളിലാണ് കേസ്. അതിനിടെ പരാതി പിന്‍വലിക്കാന്‍ നിസാമിന്‍റെ സഹോദരങ്ങള്‍ ഇന്ന് തൃശൂര്‍ റൂറല്‍ എസ്പി ആര്‍ നിശാന്തിനിക്ക് അപേക്ഷ നല്‍കി. പക്ഷേ കേസെടുത്ത് കഴിഞ്ഞതിനാല്‍ പരാതി പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. കുടുംബ പ്രശ്നമാണെന്നും പെട്ടെന്നുള്ള ദേഷ്യത്തിന് നിസാം പറഞ്ഞാതാകാം എന്ന് പറഞ്ഞാണ് കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്.
ബിസിനസുമായി ബന്ധപ്പെട്ട് ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കി എന്നായിരുന്നു സഹോദരന്‍മാര്‍ നേരത്തെ പരാതി നല്‍കിയിരുന്നത്. ഇതിനിടെ കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്‍റെ വീട്ടുകാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നല്‍കി. നിസാമിന് ജയിലില്‍ സൌകര്യം ഒരുക്കുന്നത് അന്വേഷിക്കണം, പരോള്‍ നല്‍കരുത് തുടങ്ങിയ കാര്യങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു പരാതി. കേസ് മേല്‍ കോടതിയിലേക്ക് പോകുമ്പോള്‍ വിചാരണ കോടതിയിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന സി പി ഉദയഭാനുവിനെ തന്നെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.