കെവിഎം ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കില്ലെന്ന് മാനേജ്മെന്‍റ് അസോസിയേഷന്‍കെവിഎം ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കില്ലെന്ന് മാനേജ്മെന്‍റ് അസോസിയേഷന്‍
|രണ്ട് പേരെ തിരിച്ചെടുത്തുകൊണ്ടുള്ള ഒത്തുതീര്‍പ്പ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്‍റുകളുടെ പ്രവര്‍ത്തനത്തില്‍ തെറ്റായ കീഴ്‍വഴക്കമുണ്ടാക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു
ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കില്ലെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍. രണ്ട് പേരെ തിരിച്ചെടുത്തുകൊണ്ടുള്ള ഒത്തുതീര്‍പ്പ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്‍റുകളുടെ പ്രവര്‍ത്തനത്തില്‍ തെറ്റായ കീഴ്‍വഴക്കമുണ്ടാക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. യുഎന്‍എ ആരോഗ്യ മേഖലയില്‍ അരാജകത്വം സൃഷ്ടിക്കുകയാണെന്നും 133 ശതമാനം ശമ്പള വര്‍ദ്ധനയെന്ന തീരുമാനം നടപ്പാക്കാനാവില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
പിരിച്ചു വിട്ട നഴ്സുമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടും നിയമപ്രകാരമുള്ള സേവന വേതന വ്യവസ്ഥകള്‍ ആവശ്യപ്പെട്ടും നഴ്സുമാര്‍ സമരം തുടരുന്ന ചേര്‍ത്തല കെവിഎം ആശുപത്രിയുടെ മാനേജ്മെന്റിന് പിന്തുണ പ്രഖ്യാപിച്ചാണ് കെപിഎച്ച്എ വാര്‍ത്താ സമ്മേളനം നടത്തിയത്. ട്രെയിനികളായിരുന്ന രണ്ട് പേരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ സമരം നടത്തുന്ന യുഎന്‍എയുടെ നിലപാട് പക്വതയില്ലാത്തതാണെന്ന് മാനേജ്മെന്റ് അസോസിയേഷന്‍ ആരോപിച്ചു.
ട്രെയിനികളായിരുന്നവരില്‍ യുഎന്‍എ സമരത്തില്‍ പങ്കെടുത്ത രണ്ട് പേരെ മാത്രം പിരിച്ചു വിട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് ആരെ നിയമിക്കണമെന്നുള്ളത് മാനേജ്മെന്‍റുകളുടെ അവകാശമാണെന്നായിരുന്നു മറുപടി. സമരത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കെവിഎം ആശുപത്രി, നഴ്സിങ് കോളജ് നിയമക്കുരുക്കില്‍ പെടുമെന്നതിനാല്‍ വീണ്ടും തുറന്നിരുന്നു. എന്നാല്‍ പ്രദേശത്തെ ജനങ്ങളുടെ ആവശ്യാര്‍ത്ഥമാണ് ആശുപത്രി തുറന്നതെന്നാണ് മാനേജ്മെന്‍റ് അസോസിയേഷന്‍റെ വിശദീകരണം.
133 ശതമാനം ശമ്പള വര്‍ദ്ധനയെന്ന വ്യവസായ സൌഹൃദ സമിതിയുടെ തീരുമാനം നടപ്പാക്കാനാവാത്തതാണെന്നും സ്വകാര്യ ആശുപത്രികള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും കെപിഎച്ച്എ ഭാരവാഹികള്‍ അവകാശപ്പെട്ടു. സര്‍ക്കാരിന്റെ ജനസേവന പദ്ധതികള്‍ നടപ്പാക്കിയത് വഴി കോടികള്‍ ഇപ്പോഴും കിട്ടാനുണ്ടെന്നും അതിനാല്‍ സ്വകാര്യ ആശുപത്രികള്‍ അത്തരം സേവനങ്ങള്‍ നിര്‍ത്തിവെക്കുകയാണെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.