< Back
Kerala
ലിബിയയില്‍ കുടുങ്ങിയ നഴ്‍സുമാര്‍ കൊച്ചിയിലെത്തിലിബിയയില്‍ കുടുങ്ങിയ നഴ്‍സുമാര്‍ കൊച്ചിയിലെത്തി
Kerala

ലിബിയയില്‍ കുടുങ്ങിയ നഴ്‍സുമാര്‍ കൊച്ചിയിലെത്തി

admin
|
29 May 2018 10:20 PM IST

ആഭ്യന്തര സംഘര്‍ഷങ്ങള്‍ തുടരുന്ന ലിബിയയില്‍ കുടുങ്ങിപ്പോയ നഴ്‍സുമാരുടെ സംഘം കൊച്ചിയിലെത്തി.

ആഭ്യന്തര കലാപത്തില്‍പ്പെട്ട് ലിബിയയില്‍ കുടുങ്ങിക്കിടന്ന 18 മലയാളി നഴ്സുമാര്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ട്രിപ്പോളിയില്‍ കുടുങ്ങിയ ആറു മലയാളി കുടുംബങ്ങളും മൂന്ന് തമിഴ് കുടുംബങ്ങളും ഉള്‍പ്പെടെ 29 പേരാണ് സംഘത്തിലുണ്ടായിരുന്നത്. നാട്ടിലെത്താന്‍ കേന്ദ്ര സംസ്ഥാന
സര്‍ക്കാരുകളുടെ സഹായം ലഭിച്ചിട്ടില്ലെന്ന് നഴ്സുമാര്‍ പ്രതികരിച്ചു.

രാവിലെ 8.30 ഓടെയാണ് മലയാളികളുടെ ആദ്യ സംഘം എത്തിയത്. 11 പേരടങ്ങുന്ന മറ്റൊരു സംഘം തമിഴ്നാട്ടുകാരാണ്. ഇവര്‍ ബോംബെയില്‍ നിന്നും ചെന്നൈ വിമാനത്താവളത്തിലെത്തും. ലിബിയയിലെ ട്രിപ്പോളിയില്‍ നിന്നും ഇസ്താംബൂള്‍ വഴിയാണ് കൊച്ചിയിലെത്തിയത്. വിസ കാലാവധി അവസാനിച്ചിട്ടും ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ലിബിയയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍. നാട്ടിലെത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ സഹായം ഉണ്ടായിട്ടില്ലെന്ന് അവര്‍ പ്രതികരിച്ചു. പല തവണ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലമെന്നായിരുന്നു ഇവരുടെ പ്രതികരണം. സ്വന്തം ചെലവിലാണ് നാട്ടിലെത്തിയതെന്നും നഴ്സുമാര്‍ പറഞ്ഞു. എന്നാല്‍ നാട്ടിലെത്തിയവരുടെ വിമാനക്കൂലി ഉടന്‍ നല്‍കുമെന്ന് നോര്‍ക്ക പ്രതിനിധികള്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണ് ഇവരെ നാട്ടിലെത്തിലെത്തിക്കാന്‍ കഴിഞ്ഞതെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്നലെ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്നമാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് ഇവര്‍ പറയുന്നത്. മാര്‍ച്ച് 25നാണ് ഇവര്‍ താമസിക്കുന്ന സ്ഥലത്ത് ഷെല്ലാക്രമണം ഉണ്ടായത്. സംഘര്‍ഷമുണ്ടായ സ്ഥലത്ത് കുടുങ്ങിക്കിടന്നവരിലെ എല്ലാ മലയാളികളും ഇതോടെ തിരികെയെത്തി.

Related Tags :
Similar Posts