ലോ അക്കാദമിയില്‍ സംഘര്‍ഷം; നാട്ടുകാരന്‍ കുഴഞ്ഞുവീണ് മരിച്ചുലോ അക്കാദമിയില്‍ സംഘര്‍ഷം; നാട്ടുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു
|ജാതീയ അധിക്ഷേപ കേസില്‍ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ലോ അക്കാദമിയില്‍ ആത്മഹത്യാഭീഷണി.
ലോ അക്കാദമി സമരത്തിനിടെ ഹൃദയാഘാതം വന്ന് വൃദ്ധന്‍ മരിച്ചു. മണക്കാട് സ്വദേശി അബ്ദുല്‍ ജബ്ബാറാണ് മരണപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ്‍ പ്രവര്‍ത്തകന്റെ പിതാവാണ്. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും ആവശ്യപ്പെട്ടു.
ആത്മഹത്യാ ഭീഷണി വരെ എത്തിയ സമരം കാണാനാണ് അബ്ദുല്‍ ജബ്ബാര്‍ പേരൂര്‍ക്കടയിലെത്തിയതെന്നാണ് സൂചന. ഫയര്‍ഫോഴ്സ് വെള്ളം ചീറ്റിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയില്‍ ജബ്ബാര്‍ കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. വി എം സുധീരനും സമാനമായി ആവശ്യം ഉന്നയിച്ചു ജബ്ബാറിന്റെ മകന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.
ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയ എബിവിപി പ്രവര്‍ത്തകനെ മരത്തില്‍ നിന്ന് താഴെ ഇറക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി.
ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യുക, പാസ്പോര്‍ട്ട് കണ്ടുകെട്ടുക, നാളത്തെ മന്ത്രിസഭ യോഗം അക്കാദമി വിഷയം പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അക്കാദമിയിലെ വിദ്യാര്‍ത്ഥി മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. പൊലീസും ഫയര്‍ഫോഴ്സുമെത്തി വിദ്യാര്‍ത്ഥിയെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും സമരക്കാര്‍ എതിര്‍ത്തു. ഇതോടെ സബ് കളക്ടറെത്തി ചര്‍ച്ച നടത്തി. വിദ്യാര്‍ത്ഥികളുടെ ആവശ്യം സര്‍ക്കാരിനെ അറിയിച്ച സബ് കളക്ടര്‍ പൊലീസുമായി കൂടിയാലോചിച്ച് പാസ്പോര്‍ട്ട് കണ്ടുകെട്ടാന്‍ തീരുമാനിക്കുകയായിരുന്നു. മറ്റാവശ്യങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാമെന്ന് അറിയിച്ചെങ്കിലും ആത്മഹത്യ ഭീഷണി മുഴക്കിയ വിദ്യാര്‍ത്ഥി താഴെയിറങ്ങാന്‍ തയ്യാറായില്ല. ഇതോടെ ഫയര്‍ഫോഴ്സ് ബലം പ്രയോഗിച്ച് വിദ്യാര്‍ത്ഥിയെ താഴെയിറക്കി.
ഇതിനിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി. ഇതോടെ ഫയര്‍ഫോഴ്സ് വെള്ളം ചീറ്റി. അബ്ദുല്‍ ജബാറിന്റെ മരണം ഉയര്‍ത്തിക്കാട്ടി വരും ദിവസങ്ങളില്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ആലോചിക്കുന്നത്.