< Back
Kerala
ഇനിയും മെരുങ്ങാതെ സെക്രട്ടറിയേറ്റും ഭരണചക്രവുംഇനിയും മെരുങ്ങാതെ സെക്രട്ടറിയേറ്റും ഭരണചക്രവും
Kerala

ഇനിയും മെരുങ്ങാതെ സെക്രട്ടറിയേറ്റും ഭരണചക്രവും

Khasida
|
31 May 2018 5:28 AM IST

പിണറായി സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയും ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് ഭരണചക്രം വേഗത്തില്‍ തിരിക്കുക എന്നതാവും

പിണറായി സര്‍ക്കാരിന് മുന്നില്‍ പൂര്‍ണമായി മെരുങ്ങാത്ത ഒന്നാണ് സെക്രട്ടറിയേറ്റും ഭരണചക്രവും എന്നാണ് പൊതുവിലയിരുത്തല്‍. ഭരണ പരിചക്കുറവുള്ള മന്ത്രിസഭയും ഉദ്യോഗസ്ഥവൃന്ദത്തെ നയിക്കുന്നതിലെ വീഴ്ചകളും ഭരണവേഗത കുറക്കുന്നതായി കരുതുന്നു.

പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് പാസ് മാര്‍ക്ക് കൊടുക്കുന്നവരും എടുത്തുപറയുന്ന പ്രധാന ന്യൂനത ഭരണചക്രത്തെ പൂര്‍ണമായി നിയന്ത്രിക്കാനും ചലിപ്പിക്കാനും ആയില്ല എന്നതാണ്. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റും ഭരണചക്രം തിരിക്കുന്ന ഐ എ എസുകാരും സര്‍ക്കാരിന് പൂര്‍ണമായി മെരുങ്ങിയിട്ടില്ല. ഐ എ എസ്-ഐ പി എസ് തര്‍ക്കത്തില്‍ ഐ എ എസുകാര്‍ കൂട്ട അവധിയെടുത്ത് സമരപ്രഖ്യാപനം നടത്തുന്ന സാഹചര്യം വരെയുണ്ടായി.

ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെ നടത്തിയ നടപടികളോടുള്ള സര്‍ക്കാര്‍ സമീപനം ഉന്നത ഉദ്യോഗസ്ഥരെ അതൃപ്തരാക്കിയത്. കേരള അഡ്മിസ്ട്രേറ്റീവ് സര്‍വീസ് രൂപീകരണവുമായി ബന്ധപ്പെട്ട നിലപാടുകള്‍ ഭരണാനുകൂല സംഘടനകള്‍ ഉള്‍പ്പെടെ നല്ലൊരു വിഭാഗം സെക്രട്ടറിയേറ്റ് ജീവനക്കാരിലും അതൃപ്തി വളര്‍ത്തി. സെന്‍കുമാര്‍ സംഭവത്തിലും പ്രതിഫലിച്ചത് ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയാണ്. കൃഷിവകുപ്പ് സെക്രട്ടറിയും ഡയറക്ടറുമായുണ്ടായ പരസ്യ വാക്പോര് ഒടുവിലത്തെ ഉദാഹരണം.

ഭരണയന്ത്രവുമായുള്ള ഈ പ്രശ്നം ഭരണ വേഗത്തെ ബാധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ തുടങ്ങുന്ന ഫയലുകളുടെ മെല്ലപ്പോക്ക്. ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ ഉദ്യോഗസ്ഥര്‍ നിയമനം കിട്ടാതെ മാസങ്ങള്‍ അലഞ്ഞിട്ടുണ്ട്. ഭരണപരിചയവും മികവുമുള്ള മന്ത്രിമാരെ മാറ്റിനിര്‍ത്തിയാല്‍ മറ്റുമന്ത്രിമാരുടെ അവസ്ഥയും ഇതു തന്നെ. വരുംവര്‍ഷങ്ങളില്‍ പിണറായി സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയും ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് ഭരണചക്രം വേഗത്തില്‍ തിരിക്കുക എന്നത് തന്നെ.

Related Tags :
Similar Posts