< Back
Kerala
കണ്‍സ്യൂമര്‍ഫെഡില്‍ കെടുകാര്യസ്ഥത തുടരുന്നു; 2000 റംസാന്‍ ചന്തകള്‍ക്ക് പകരം ആരംഭിച്ചത് 700 എണ്ണം മാത്രംകണ്‍സ്യൂമര്‍ഫെഡില്‍ കെടുകാര്യസ്ഥത തുടരുന്നു; 2000 റംസാന്‍ ചന്തകള്‍ക്ക് പകരം ആരംഭിച്ചത് 700 എണ്ണം മാത്രം
Kerala

കണ്‍സ്യൂമര്‍ഫെഡില്‍ കെടുകാര്യസ്ഥത തുടരുന്നു; 2000 റംസാന്‍ ചന്തകള്‍ക്ക് പകരം ആരംഭിച്ചത് 700 എണ്ണം മാത്രം

Khasida
|
31 May 2018 4:32 PM IST

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന ഔട്ട്‍ലെറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു; പ്രശ്നപരിഹാരത്തിന് കൂടുതല്‍ സമയം വേണമെന്ന് സഹകരണ വകുപ്പ് മന്ത്രി

ഭരണം മാറിയിട്ടും കണ്‍സ്യൂമര്‍ഫെഡില്‍ കെടുകാര്യസ്ഥത തുടര്‍കഥ. അവശ്യ സാധനങ്ങള്‍ വില്‍ക്കേണ്ട ഔട്ട് ലെറ്റുകള്‍ കാലിയായി കിടക്കുമ്പോള്‍ മദ്യ വില്‍പ്പന കേന്ദ്രങ്ങളില്‍ നടക്കുന്നത് കോടികളുടെ വില്‍പ്പന. 2000 റംസാന്‍ ചന്തകള്‍ തുടങ്ങേണ്ട സ്ഥാനത്ത് ആരംഭിച്ചത് 700 എണ്ണം മാത്രം.

കണ്‍സ്യൂമര്‍ഫെഡ് എം ഡി ആയിരുന്ന ടോമിന്‍ ജെ തച്ചങ്കരിയെ നീക്കിയതും അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ഭരണ സമിതിയെ മരവിപ്പിച്ചതും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി മാസം ഒന്ന് കഴിഞ്ഞിട്ടും പുതിയ ബോര്‍ഡ് രൂപീകരിക്കാന്‍ സാധിച്ചിട്ടില്ല. ആരോപണ വിധേയരായ പഴയ ഭരണ സമിതി തന്നെ അധികാരത്തില്‍ തുടരുന്നു എന്ന് കണ്‍സ്യൂമര്‍ഫെഡിന്റെ ഔദ്യോഗിക സൈറ്റില്‍ പറയുന്നു.

13 ഇനം അവശ്യ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യാന്‍ 15 കോടി രൂപ അനുവദിച്ചതാണ് പുതിയ സര്‍ക്കാര്‍ സ്വീകരിച്ച ഏക നടപടി. ആകെ 25 കോടി രൂപയുടെ പര്‍ച്ചേസ് ഓര്‍ഡര്‍ മാത്രം നല്കിയതിനാല്‍ സബ്സിഡി ആനുകൂല്യത്തിന്റെ ഗുണം പൂര്‍ണമായി ഉപഭോക്താക്കള്‍ക്ക് എത്തില്ല. അഴിമതി ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ തല്‍സ്ഥാനത്ത് തുടരുകയാണ്.

സഹകരണ വകുപ്പ് 65 നിയമം അനുസരിച്ച് അഴിമതി അന്വേഷിക്കുന്ന സമിതിക്ക് തെളിവ് നല്‍കിയ രണ്ട് ജീവനക്കാരെ എം ഡി കഴിഞ്ഞ ദിവസം സ്ഥലം മാറ്റി. 230 ത്രിവേണി സ്റ്റാളുകളും 737 നന്മ സ്റ്റാളുകളും ഉണ്ട്. 1700 പേര്‍ വേണ്ട ഇടത്ത് ജോലി ചെയ്യുന്നത് 4400 പേര്‍. ഒഴുകുന്ന 7 ത്രിവേണി സ്റ്റാളുകള്‍ നിശ്ചലമായി; ഒന്ന് മുങ്ങിത്താണു. 4 ബോട്ടുകള്‍ക്ക് കൂടി നല്‍കിയ 20 ലക്ഷം രൂപ അഡ്വാന്‍സ് പാഴായി. സ്ഥിരം സ്റ്റാളുകള്‍ അടക്കം 2000 റംസാന്‍ ചന്തകള്‍ തുറക്കാന്‍ ലക്ഷ്യമിട്ടതില്‍ തുടങ്ങിയത് 700 എണ്ണം മാത്രം. സ്റ്റാളുകളുടെ പ്രതിദിന വരുമാനം ശരാശരി 10000 കടക്കില്ല. 1500 കോടിയാണ് കണ്‍സ്യൂമര്‍ഫെഡിന്റെ പ്രതിവര്‍ഷ വരുമാനം. ഇതില്‍ 1300 കോടി മദ്യ വില്‍പ്പനയിലൂടെയാണ്. സ്ഥിരം സ്റ്റാളുകള്‍ അടക്കം 2000 റംസാന്‍ ചന്തകള്‍ തുറക്കാന്‍ ലക്ഷ്യമിട്ടതില്‍ തുടങ്ങിയത് 700 എണ്ണം മാത്രം.

അതേസമയം കണ്‍സ്യൂമര്‍ഫെഡിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാരിന് കൂടുതല്‍ സമയം ആവശ്യമുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് പറയുന്നു‍. അഴിമതി സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ജില്ലാതല സമിതികളിലെ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ബോര്‍ഡ് രൂപീകരണം ഉണ്ടാകുമെന്നും എ സി മൊയ്തീന്‍ മീഡിയവണിനോട് പറഞ്ഞു.

Related Tags :
Similar Posts