< Back
Kerala
കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അന്തരിച്ചുകോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അന്തരിച്ചു
Kerala

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അന്തരിച്ചു

Alwyn
|
2 Jun 2018 3:47 AM IST

മയ്യിത്ത് നമസ്‍കാരം നാളെ രാവിലെ 9ന് മലപ്പുറം കോട്ടുമല കോംപ്ലെക്സില്‍.

ഹജ്ജ് കമ്മിറ്റി ചെയര്‍മാനും പ്രമുഖ പണ്ഡിതനുമായ കോട്ടുമല ബാപ്പു മുസ്‍ലിയാര്‍ അന്തരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. മയ്യിത്ത് നമസ്‍കാരം നാളെ രാവിലെ 9ന് മലപ്പുറം കോട്ടുമല കോംപ്ലെക്സില്‍. സമസ്ത ജോ. സെക്രട്ടറിയും വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമാണ്.

സമസ്തയുടെ നേതാവായിരുന്ന കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ മകന്‍ എന്ന നിലയിലാണ് സംഘടനയില്‍ ടിഎം ബാപ്പു മുസ്‌ലിയാര്‍ ആദ്യ കാലത്ത് അറിയപ്പെട്ടത്. പില്‍കാലത്ത് സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ സെക്രട്ടറി സ്ഥാനമടക്കം പ്രധാന ചുമതലകള്‍ വഹിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവനായും പ്രവര്‍ത്തിച്ചു.

കോട്ടുമല അബൂബക്കര്‍ - മുരിങ്ങാക്കല്‍ ഫാത്തിമ ഹജ്ജുമ്മ ദമ്പതികളുടെ നാല്‌ മക്കളില്‍ രണ്ടാമനാണ് ബാപ്പു മുസ്‍ലിയാര്‍. 1952 ഫെബ്രുവരി 10 ന് ജനനം. മലപ്പുറം ജില്ലയിലെ കാളമ്പാടിയാണ് സ്വദേശം. പിതാവ് കോട്ടുമല അബൂബക്കര്‍ മുസ്‍ലിയാരുടെ ശിഷ്യനായി പരപ്പനങ്ങാടി പനയം പള്ളി ദര്‍സില്‍ മത വിദ്യാഭ്യാസം തുടങ്ങി. പിന്നീട് പട്ടിക്കാട് ജാമിഅ നൂരിയ കോളജില്‍ ചേര്‍ന്നു. പിതാവിന് പുറമെ, സമസ്ത നേതാവ് ഇകെ അബൂബക്കര്‍ മുസ്‍ലിയാര്‍, കെകെ അബൂബക്കര്‍, വല്ലപ്പുഴ ഉണ്ണീന്‍കുട്ടി എന്നിവര്‍ക്കു കീഴിലും മതപഠനം നടത്തി. 1971ല്‍ ജാമിഅയില്‍ തിരിച്ചെത്തിയ ബാപ്പു മുസ്‌ലിയാര്‍ 1975 ല്‍ ഫൈസി ബിരുദം നേടി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സഹപാഠിയാണ്. 1987ല്‍ പിതാവ് മരിച്ചപ്പോള്‍ കാളമ്പാടി മഹല്ല് ഖാളിയായി തെരഞ്ഞെടുക്കപ്പെട്ടതാണ് മത രംഗത്തെ ആദ്യ ചുമതല. പിന്നീട് അര്‍ഹതപ്പെട്ട സ്ഥാനങ്ങളിലേക്ക് അതിവേഗം ബാപ്പു മുസ്‌ലിയാരെത്തി. വിവിധ മഹല്ലുകളില്‍ ഖാളിയായും, അധ്യാപകനായും സേവനം.

സുന്നി യുവജന സംഘം, സുന്നി മഹല്ല് ഫെഡറേഷന്‍ എന്നിവയുടെ സംസ്ഥാന ഭാരവാഹിയായി പ്രവര്‍ത്തിച്ചു. രണ്ട് തവണ (ആദ്യം 1998ല്‍ ) സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രസിഡന്റായി. 2004ല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായ ബാപ്പു മുസ്‌ലിയാര്‍ 2010ല്‍ സെക്രട്ടറിയായി. പിന്നീട് സമസ്ത പണ്ഡിതസഭയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ കോളജ്, കടമേരി റഹ്മാനിയാ കോളജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പാളായി സേവനം. സുപ്രഭാതം ദിനപത്രം, ഇഖ്റഅ് പബ്ലിക്കേഷന്‍ എന്നിവയുടെ ചെയര്‍മാനുമായിരുന്നു അദ്ദേഹം. ചാപ്പനങ്ങാടി ബാപ്പു മുസ്‍ലിയാരുടെ മകള്‍ പരേതയായ സഫിയ്യയായിരുന്നു ഭാര്യ. ആയിഷാബി, ഡോ അബ്‌ദുറഹ്മാന്‍, ഫൈസല്‍, സുഹറ, സൌദ, ഫൌസിയ എന്നിവര്‍ മക്കളാണ്‌.

Similar Posts