< Back
Kerala
Kerala

കേരള ബാങ്ക് യാഥാര്‍ഥ്യത്തിലേക്ക്

admin
|
1 Jun 2018 10:56 AM IST

സംസ്ഥാനത്തിന്‍റെ സ്വന്തം ബാങ്കായി കേരള ബാങ്ക് മാറുമെന്ന പ്രതീക്ഷയാണ് സംസ്ഥാന സര്‍ക്കാരിന്. സംസ്ഥാന സര്‍ക്കാരിന്‍റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും അക്കൌണ്ട് കേരള ബാങ്കിലേക്ക് മാറ്റാനാകും. 

കേരള ബാങ്ക് യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. കേരള ബാങ്ക് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച പ്രൊഫി ശ്രീറാം കമ്മറ്റി ഈ മാസം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. രണ്ട് തട്ടുള്ള സംവിധാനമാകും കേരള ബാങ്കിനുണ്ടാവുക. സംസ്ഥാനത്തെ ബാങ്കിങ് മേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.

പ്രാഥമിക സഹകരണ സംഘങ്ങള്‍, ജില്ലാ സഹകരണ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് എന്നിങ്ങനെ മൂന്ന് തട്ടുള്ള സംവിധാനമാണ് സംസ്ഥാനത്തെ സഹകരണ ബാങ്കിങ് ശൃംഖല. കേരള ബാങ്ക് യാഥാര്‍ഥ്യമാകുന്നതോടെ ഒരു ഹെഡ് ഓഫീസും ശാഖകളും എന്ന രീതിയിലേക്ക് സഹകരണ ബാങ്ക് മാറും. സംസ്ഥാന ബാങ്ക് ഹെഡ് ഓഫീസായി മാറുന്പോള്‍ പ്രാഥമിക സഹകരണ സംഘങ്ങളും അര്‍ബന്‍ ബാങ്കുകളും ശാഖകളായി മാറും. ജില്ലാ ബാങ്കുകള്‍ക്കും ശാഖകളുടെ പദവിയാകും ഉണ്ടാവുക. ജില്ലാ സഹകരണ ബാങ്കുകളെ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാക്കികൊണ്ട് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഓര്‍ഡിനന്‍സ് ഇതിന്‍റെ ആദ്യ പടിയാണ്. സംസ്ഥാനത്തിന്‍റെ സ്വന്തം ബാങ്കായി കേരള ബാങ്ക് മാറുമെന്ന പ്രതീക്ഷയാണ് സംസ്ഥാന സര്‍ക്കാരിന്. സംസ്ഥാന സര്‍ക്കാരിന്‍റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും അക്കൌണ്ട് കേരള ബാങ്കിലേക്ക് മാറ്റാനാകും.

ഇപ്പോള്‍ സംസ്ഥാനത്ത് അനുഭവപ്പെടുന്ന ലിക്വിഡിറ്റി പ്രശ്നം ഉള്‍പ്പെടെ പരിഹരിക്കാന്‍ കേരള ബാങ്കിലൂടെ കഴിയുമെന്നാണ് കരുതുന്നത്. ബിവറജേസ് കോര്‍പറേഷനില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ കറന്‍സി പൊതുമേഖലാ ബാങ്കിലേക്ക് നല്‍കിയിട്ടും ശന്പള പെന്‍ഷന്‍ വിതരണത്തിന് കറന്‍സിയില്ലാതെ ബുദ്ധിമുട്ടുകയാണ് ഇപ്പോള്‍. സംസ്ഥാനത്തിന്‍റെ മുന്‍ഗണനക്കനുസരിച്ച് വിവിധ മേഖലകള്‍ക്ക് വായ്പകള്‍ അനുവദിച്ചും മറ്റും സംസ്ഥാനത്തിന്‍റെ സാന്പത്തിക മേഖലയില്‍ കൂടുതല്‍ ഇടപെടാന്‍ കേരള ബാങ്കിലൂടെ കഴിയുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. എസ് ബി ടിയെ എസ് ബി ഐ യില്‍ ലയിപ്പിച്ച നടപടിയും കേരള ബാങ്ക് രൂപീകരണ നടപടികള്‍ വേഗത്തിലാക്കാന്‍ കാരണമായി. കേരള ബാങ്കിന്‍റെ വിശദാംശങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ചെന്നൈ ഐ ഐ എമ്മിലെ പ്രൊഫ. ശ്രീറാം നേതൃത്വം നല്‍കുന്ന കമ്മറ്റി ഈ മാസം അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് വരുന്നമുറക്ക് നിയമനിര്‍മാണം ഉള്‍പ്പെടെ മറ്റു നടപടികളിലേക്ക് സര്‍ക്കാര്‍കടക്കും.

Related Tags :
Similar Posts