< Back
Kerala
ഇന്നസെന്റ് നിര്‍ഭയനല്ല, പൊതുപ്രവര്‍ത്തകനായിരിക്കാന്‍ യോഗ്യനുമല്ല: സുസ്മേഷ് ചന്ത്രോത്ത്ഇന്നസെന്റ് നിര്‍ഭയനല്ല, പൊതുപ്രവര്‍ത്തകനായിരിക്കാന്‍ യോഗ്യനുമല്ല: സുസ്മേഷ് ചന്ത്രോത്ത്
Kerala

ഇന്നസെന്റ് നിര്‍ഭയനല്ല, പൊതുപ്രവര്‍ത്തകനായിരിക്കാന്‍ യോഗ്യനുമല്ല: സുസ്മേഷ് ചന്ത്രോത്ത്

Jaisy
|
1 Jun 2018 4:31 PM IST

വേട്ടക്കാരന്റെയൊപ്പമല്ല, ഇരയുടെ ഒപ്പം തന്നെയാണ് ആ സ്ഥാനത്തിരിക്കുന്നയാള്‍ നില്‍ക്കേണ്ടത്

നടി ആക്രമണത്തിനിരയായ സംഭവുമായി ബന്ധപ്പെട്ട് അമ്മ പ്രസിഡന്റ് ഇന്നസെന്റ് നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും സിനിമയ്ക്കകത്തും നിന്നും വിമര്‍ശങ്ങള്‍ ഉയരുകയാണ്. പൊതുപ്രവര്‍ത്തകനായിരിക്കാന്‍ ഇന്നസെന്റ് യോഗ്യനല്ലെന്ന് പ്രശസ്ത എഴുത്തുകാരന്‍ സുസ്മേഷ് ചന്ത്രോത്ത് ഫേസ്ബുക്കില്‍ കുറിച്ചു. നാളിതുവരെ ജീവിച്ച ജീവിതമല്ല ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും ഇനിയങ്ങോട്ട് അനുവര്‍ത്തിക്കേണ്ടതെന്ന് സ്വയം അംഗീകരിച്ച് ബോധ്യപ്പെട്ട് പ്രവര്‍ത്തനശൈലിയും ജീവിതശൈലിയും മാറ്റേണ്ടതുണ്ടെന്ന് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു രാഷ്ട്രീയപ്പാര്‍ട്ടി അതിന്റെ പ്രതിനിധിയായി പൊതുസമൂഹത്തില്‍ ജനപ്രീതിയുള്ള വ്യക്തികളെ, അവരുടെ പ്രവര്‍ത്തന പരിചയമില്ലായ്മയേയും പൊതുപ്രവര്‍ത്തനശീലമില്ലായ്മയേയും മറന്നോ മറികടന്നോ കൂട്ടിക്കൊണ്ടുവരുന്നതില്‍ തെറ്റില്ല. അങ്ങനെ വരുന്നവര്‍ നാളിതുവരെ ജീവിച്ച ജീവിതമല്ല ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും ഇനിയങ്ങോട്ട് അനുവര്‍ത്തിക്കേണ്ടതെന്ന് സ്വയം അംഗീകരിച്ച് ബോധ്യപ്പെട്ട് പ്രവര്‍ത്തനശൈലിയും ജീവിതശൈലിയും മാറ്റേണ്ടതുണ്ട്. അത് അവനവനുവേണ്ടിയും വിശ്വസിച്ചു വിളിച്ചു കൊണ്ടുവന്ന രാഷ്ട്രീയപ്പാര്‍ട്ടിക്കുവേണ്ടിയും അനുസരിക്കേണ്ടതുണ്ട്.
ഇനിയിതെല്ലാം മാറ്റിവച്ചാലും ജനങ്ങള്‍ വോട്ട് ചെയ്ത് തെരഞ്ഞെടുത്ത ഒരു ജനപ്രതിനിധി സമൂഹത്തില്‍ കണ്ടുവരുന്നതും നിലനില്‍ക്കുന്നതുമായ എല്ലാ ഉച്ചനീചത്വങ്ങള്‍ക്കെതിരേയും വിവേചനങ്ങള്‍ക്കെതിരേയും അടിച്ചമര്‍ത്തലുകള്‍ക്കെതിരേയും അവഗണനകള്‍ക്കെതിരേയും കക്ഷിരാഷ്ട്രീയ ഭേദമന്യേ, സ്ത്രീ പുരുഷഭേദമന്യേ, ജാതിമതഭേദമന്യേ പ്രതികരിക്കേണ്ടതുണ്ട്. ഇടപെടേണ്ടതുണ്ട്. വേട്ടക്കാരന്റെയൊപ്പമല്ല, ഇരയുടെ ഒപ്പം തന്നെയാണ് ആ സ്ഥാനത്തിരിക്കുന്നയാള്‍ നില്‍ക്കേണ്ടത്.
ഇത് മനസ്സിലാക്കുന്നതിന് ഉന്നതവിദ്യാഭ്യാസമോ രാഷ്ട്രീയപാരമ്പര്യമോ രാഷ്ട്രീയ വിദ്യാഭ്യാസമോ ആവശ്യമില്ല. നിര്‍ഭയം സമൂഹത്തെ നോക്കിക്കാണാനുള്ള കണ്ണും മനസ്സുമുണ്ടായാല്‍ മതി.
ഇവിടെ ഇന്നസെന്റ് നിര്‍ഭയനല്ല. പൊതുപ്രവര്‍ത്തകനായിരിക്കാന്‍ യോഗ്യനുമല്ല.
അത് സി. പി. ഐ. എം തിരിച്ചറിയേണ്ടതുണ്ട്. ഇന്നസെന്റിന്റെ കാര്യത്തില്‍ മാത്രമല്ല.
മറുപടി കൊടുക്കേണ്ടത് ജനങ്ങള്‍ക്കാണ്.

Related Tags :
Similar Posts