< Back
Kerala
പ്രവാസി പെന്‍ഷന്‍ പദ്ധതിയോടും അവഗണനപ്രവാസി പെന്‍ഷന്‍ പദ്ധതിയോടും അവഗണന
Kerala

പ്രവാസി പെന്‍ഷന്‍ പദ്ധതിയോടും അവഗണന

Khasida
|
1 Jun 2018 7:17 PM IST

എസ്‍ബിഐ നിലപാടിനെതിരെ പ്രവാസി ക്ഷേമ ബോര്‍ഡ്

പ്രവാസികളുടെ വായ്പാ പദ്ധതി അട്ടിമറിച്ചതിന് പിന്നാലെ പ്രവാസികളുടെ പെന്‍ഷന്‍ പദ്ധതിയോടും ബാങ്കുകളുടെ അവഗണന. പ്രവാസി ക്ഷേമ നിധിയിലേക്കുള്ള അംശാദായം സ്വീകരിക്കുന്ന കാര്യത്തില്‍ എസ്‍ബിഐ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ് പ്രവാസികളെ വലയ്ക്കുന്നത്. ഒരു ദിവസം 25000 രൂപ മാത്രമേ ക്ഷേമനിധിയിലേക്ക് സ്വീകരിക്കുവെന്ന വ്യവസ്ഥ പ്രവാസികള്‍ക്ക് തിരിച്ചടിയാണെന്നാണ് പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് അടക്കം ചൂണ്ടി കാണിക്കുന്നത്.

വിദേശത്ത് ജോലി ചെയ്യുന്നവര്‍ 300 രൂപയും പ്രവാസം അവസാനിപ്പിച്ച് തിരിച്ചെത്തിയവര്‍ 100 രൂപയുമാണ് പ്രവാസി ക്ഷേമനിധിയിലേക്ക് അംശാദായമായി അടയ്ക്കേണ്ടത്. എന്നാല്‍ അംശാദായം സ്വീകരിക്കുന്ന കാര്യത്തില്‍ പ്രവാസി നിക്ഷേപത്തിന്റെ 56 ശതമാനവും കൈവശമുള്ള എസ്‍ബിഐ തന്നെ ഗുരുതരമായ വീഴ്ച വരുത്തുന്നതായാണ് ആരോപണം. ക്ഷേമനിധി അക്കൌണ്ടിലേക്ക് 25000 രൂപ എത്തിയാല്‍ ആ ദിവസം പിന്നീട് അടയ്ക്കാനെത്തുന്നവരുടെ അംശാദായം സ്വീകരിക്കാതെ മടക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചതായി പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡും സ്ഥിരീകരിക്കുന്നു.

സാങ്കേതിക കാരണങ്ങളാണ് ബാങ്ക് ഇതിനായി നിരത്തുന്നത്. എന്നാല്‍ വളരെ വേഗത്തില്‍ പരിഹരിക്കാവുന്ന വിഷയമാണിതെന്നാണ് ബാങ്കിങ് രംഗത്തുള്ളവര്‍ ചൂണ്ടികാണിക്കുന്നത്. ഇതിന് പുറമേ പണം അടയ്ക്കുന്നവരുടെ ക്ഷേമ നിധി നമ്പര്‍ രേഖപ്പെുടുത്താതിരിക്കുന്നതടക്കമുള്ള സാങ്കേതികമായ തെറ്റുകള്‍ ബാങ്കിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതും പ്രവാസികള്‍ക്ക് ഭാവിയില്‍ തിരിച്ചടിയാവുമെന്നാണ് പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിന്റെ നിലപാട്. പലതവണ പ്രശ്നങ്ങള്‍ ചൂണ്ടികാണിച്ചിട്ടും പരിഹരിക്കാത്തതിന് തുടര്‍ന്ന് ബാങ്കിങ് ഓംബുഡ്സ്മാന് പരാതി നല്‍കുമെന്ന് മുന്നറിയിപ്പ് അടങ്ങിയ കത്ത് ബോര്‍ഡ് സിഇഒ ബാങ്കിന് നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

Related Tags :
Similar Posts