ഇടതുമുന്നണിയോഗത്തില്‍ നിന്നും സിപിഐ വിട്ടു നിന്നത് ഇടതുമുന്നണിയില്‍ പ്രതിസന്ധിക്കിടയാക്കും
|സിപിഐയോടുള്ള അതൃപ്തി സിപിഎമ്മും വരും ദിവസങ്ങളില്‍ പരസ്യമായ പ്രകടിപ്പിച്ചേക്കും...
തോമസ് ചാണ്ടി വിഷയത്തില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിസഭ യോഗത്തില്‍ വിട്ട് നിന്നത് ഇടത് മുന്നണി രാഷ്ട്രീയത്തില്‍ വരും നാളുകളില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴി തുറന്നേക്കും. സിപിഐ മന്ത്രിമാര്‍ വിട്ട് നിന്നത് രാജിവാങ്ങാത്ത മുഖ്യമന്ത്രിയോടുള്ള അതൃപ്തിയായാണ് വിലയിരുത്തപ്പെടുന്നത്. സിപിഐയോടുള്ള അതൃപ്തി സിപിഎമ്മും വരും ദിവസങ്ങളില്‍ പരസ്യമായ പ്രകടിപ്പിച്ചേക്കും.
തോമസ് ചാണ്ടി മന്ത്രിസഭ യോഗത്തില്‍ പങ്കെടുക്കുമെന്ന വിവരം ലഭിച്ചതോടെയാണ് സിപിഐയുടെ നാല് മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് കാനം രാജേന്ദ്രന് നിര്‍ദ്ദേശം നല്‍കിയത്. രാജിവെച്ചില്ലെങ്കില്‍ പരസ്യമായി ആവശ്യപ്പെടുമെന്ന് പറഞ്ഞിരുന്ന സിപിഐ ഇന്ന് രാവിലെ ഒമ്പത് മണിവരെയാണ് രാജിക്കായി നല്‍കിയിരുന്ന സമയപരിധി. മന്ത്രിസഭയുടെ കൂട്ട് ഉത്തരവാദിത്വം ചോദ്യം ചെയ്ത ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ സിപിഐ മന്ത്രിമാര്‍ വിട്ട് നിന്നത് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കാന്‍ വേണ്ടിയാണെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തല്‍.
മുന്നണി സംവിധാനത്തിന്‍റെ ഭാഗമായി നില്‍ക്കുന്ന സിപിഐ ഇത്തരത്തില്‍ നടപടി സ്വീകരിച്ചതില്‍ സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടി നിലപാട് വരും ദിവസങ്ങളില്‍ നേതാക്കള്‍ പരസ്യമായി വ്യക്തമാക്കുന്നതിനൊപ്പം ഈ ആഴ്ച അവസാനം ചേരുന്ന സെക്രട്ടറിയേറ്റ് യോഗവും വിഷയം ചര്‍ച്ച ചെയ്തേക്കും. മുഖ്യമന്ത്രിയും അതൃപ്തി സിപിഐയെ അറിയിച്ചേക്കും. എന്നാല്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടും രാജി വൈകിപ്പിച്ചത് ശരിയായ നടപടിയല്ലെന്നാണ് സിപിഐ പറയുന്നത്.
അസാധാരണമായി നിലപാട് സ്വീകരിക്കാനുണ്ടായ സാഹചര്യം അടുത്ത ഇടത് മുന്നണി യോഗത്തില്‍ സിപിഐയും അറിയിക്കുമെന്നാണ് സൂചന.എന്തായാലും കഴിഞ്ഞകാലങ്ങളില്‍ കാണാത്ത തരത്തിലുള്ള അസാധാരണ സാഹചര്യത്തിലൂടെയാണ് ഇടത് മുന്നണി രാഷ്ട്രീയം കടന്ന് പോകുന്നത്.