< Back
Kerala
സംഘപരിവാറിന് മുന്‍പില്‍ കീഴടങ്ങുന്ന ആഭ്യന്തര വകുപ്പ് ഫാറൂഖ് അധ്യാപകനെതിരെ കേസെടുത്തത് ഇരട്ടത്താപ്പ്: ബല്‍റാംസംഘപരിവാറിന് മുന്‍പില്‍ കീഴടങ്ങുന്ന ആഭ്യന്തര വകുപ്പ് ഫാറൂഖ് അധ്യാപകനെതിരെ കേസെടുത്തത് ഇരട്ടത്താപ്പ്: ബല്‍റാം
Kerala

സംഘപരിവാറിന് മുന്‍പില്‍ കീഴടങ്ങുന്ന ആഭ്യന്തര വകുപ്പ് ഫാറൂഖ് അധ്യാപകനെതിരെ കേസെടുത്തത് ഇരട്ടത്താപ്പ്: ബല്‍റാം

Sithara
|
3 Jun 2018 11:57 PM IST

ചർച്ച ചെയ്യുകയും പുച്ഛിച്ച് തള്ളുകയും ചെയ്യേണ്ട ഒരഭിപ്രായത്തെ നിയമത്തിന്റെ കാർക്കശ്യം ഉപയോഗിച്ച് അടിച്ചമർത്തുന്നത് യോജിക്കാൻ കഴിയില്ലെന്ന് വി ടി ബല്‍റാം

ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകന്‍ ജൗഹറിനെതിരെ കേസെടുത്ത നടപടിക്കെതിരെ വി ടി ബല്‍റാം എംഎല്‍എ. ജൗഹറിന്റെ വിവാദ പ്രസംഗത്തിലുള്ളത് സ്ത്രീവിരുദ്ധ പരാമർശങ്ങൾ തന്നെയാണെങ്കിലും അഭിപ്രായ പ്രകടനത്തിന്റെ പേരിൽ ജാമ്യമില്ലാ ക്രിമിനൽ കേസ് ചുമത്താനുള്ള ഭരണകൂടനീക്കം അമിതാധികാര പ്രവണതയാണ്. ചർച്ച ചെയ്യുകയും പുച്ഛിച്ച് തള്ളുകയും ചെയ്യേണ്ട ഒരഭിപ്രായത്തെ നിയമത്തിന്റെ കാർക്കശ്യം ഉപയോഗിച്ച് അടിച്ചമർത്തുന്നത് യോജിക്കാൻ കഴിയില്ലെന്ന് ബല്‍റാം ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

തന്‍റെ മതത്തിന്‍റെയോ അതിന്‍റെ വികലമായ വ്യാഖ്യാനങ്ങളുടേയോ അടിസ്ഥാനത്തിലുള്ള വസ്ത്രധാരണ സങ്കൽപ്പങ്ങളേക്കുറിച്ചായിരിക്കാം അധ്യാപകന്‍ പറഞ്ഞത്. ആ നിലയിലുള്ള അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്പോഴും അത്തരം കാഴ്ചപ്പാടുകൾ വച്ചുപുലർത്താത്ത, സ്വന്തം വസ്ത്രധാരണത്തേക്കുറിച്ച് സ്വന്തം നിലക്കുള്ള അഭിപ്രായങ്ങളുള്ള എല്ലാ വിദ്യാർത്ഥിനികളേയും മോശക്കാരാക്കി ചിത്രീകരിക്കുന്ന ഒരു ധ്വനി ജൗഹറിന്റെ പ്രസംഗത്തിലുണ്ട് എന്നതിനാല്‍ സ്ത്രീവിരുദ്ധമാണത്. ഏത് വസ്ത്രം ധരിക്കണം, ഏത് ഭക്ഷണം കഴിക്കണം എന്നതൊക്കെ അടിസ്ഥാനപരമായി ഓരോ വ്യക്തിയുടേയും തെരഞ്ഞെടുപ്പാണെന്നും ഫാറൂഖ് കോളജ് അധ്യാപകന്‍റെ അഭിപ്രായത്തോട് വിയോജിച്ചുകൊണ്ട് ബല്‍റാം പറഞ്ഞു.

എന്നാല്‍ അധ്യാപകനെതിരെ കേസെടുത്തത് ആഭ്യന്തര വകുപ്പിന്‍റെ ഇരട്ടത്താപ്പാണെന്ന് ബല്‍റാം പറയുന്നു. സ്ത്രീകളുടെ "അശുദ്ധി''യുടെ പേരുപറഞ്ഞ് ശബരിമല പ്രവേശനത്തെ എതിർക്കുന്നതും സ്ത്രീവിരുദ്ധതയാണ്. എന്നാൽ അങ്ങനെ അഭിപ്രായപ്പെട്ടതിന്‍റെ പേരിൽ നാളിതുവരെ ആർക്കെതിരെയും ക്രിമിനൽ കേസ് എടുത്തതായി കാണുന്നില്ല. ഇതിനേക്കാൾ എത്രയോ ഗുരുതരമായ വിഷലിപ്ത പ്രചരണങ്ങൾ കേരളത്തിലുടനീളം നടത്തുന്ന സംഘപരിവാർ നേതാക്കൾക്കെതിരെ കേസെടുക്കാനോ അഥവാ പേരിന് കേസെടുത്താൽത്തന്നെ അത് മുന്നോട്ട് കൊണ്ടുപോകാനോ കേരളത്തിലെ ആഭ്യന്തര വകുപ്പിന് കഴിയാതെ പോകുന്നു. വർഗീയതക്ക് മുന്നിൽ മുഖംനോക്കാതെ ഇടപെടുന്ന ഇരട്ടച്ചങ്കല്ല, സംഘപരിവാറിന് മുൻപിൽ ആവർത്തിച്ച് കീഴടങ്ങുന്ന ഇരട്ടത്താപ്പും ഇരട്ടനീതിയുമാണ് ഇന്ന് കേരളത്തിലെ ആഭ്യന്തര വകുപ്പിന്‍റെ മുഖമുദ്രയെന്ന് വിമര്‍ശിച്ചാണ് ബല്‍റാം ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

Similar Posts