< Back
Kerala
ഒരാളില്‍ കൂടി നിപ സ്ഥിരീകരിച്ചു; ആറ് പേര്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ഒരാളില്‍ കൂടി നിപ സ്ഥിരീകരിച്ചു; ആറ് പേര്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍
Kerala

ഒരാളില്‍ കൂടി നിപ സ്ഥിരീകരിച്ചു; ആറ് പേര്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍

Sithara
|
3 Jun 2018 1:56 PM IST

സംസ്ഥാനത്തെ നിപ വൈറസ് ബാധിതരുടെ എണ്ണം പതിനാറായി

കോഴിക്കോട് ഒരാളില്‍ കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ നിപ വൈറസ് ബാധിതരുടെ എണ്ണം പതിനാറായി. അതേസമയം നിപ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആറായി കുറഞ്ഞു. ഇന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ കോഴിക്കോട് അവലോകന യോഗം ചേരും.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നയാളിലാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും വൈറസ് ബാധയേറ്റതാകാമെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് ഇതുവരെ രക്തപരിശോധന നടത്തിയവരില്‍ 99 പേരുടെ ഫലം ആരോഗ്യ വകുപ്പിന് ലഭിച്ചു. ഇതില്‍ 83 പേരുടെ ഫലവും നെഗറ്റീവാണെന്നത് നേരിയ ആശ്വാസം പകര്‍ന്നിട്ടുണ്ട്. എന്നാല്‍ ജാഗ്രത തുടരാന്‍ തന്നെയാണ് അധികൃതരുടെ തീരുമാനം.

നിപ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. നിപ വൈറസ് ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന 12 പേര്‍ക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 14 പേരാണ് നിപ വൈറസ് മൂലം മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച എബിന്‍ നേരത്തെ നിപ വൈറസ് ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ആളുകളുമായി ഇടപഴകിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നുണ്ട്.

അതേസമയം ഓസ്ട്രേലിയയില്‍ നിന്നെത്തിച്ച മരുന്ന് രോഗികള്‍ക്ക് കൊടുത്തു തുടങ്ങിയിട്ടില്ല. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Related Tags :
Similar Posts