< Back
Kerala
ഫയര്‍ഫോഴ്സില്‍ കൂട്ടസ്ഥലം മാറ്റം; അതൃപ്തി പുകയുന്നുഫയര്‍ഫോഴ്സില്‍ കൂട്ടസ്ഥലം മാറ്റം; അതൃപ്തി പുകയുന്നു
Kerala

ഫയര്‍ഫോഴ്സില്‍ കൂട്ടസ്ഥലം മാറ്റം; അതൃപ്തി പുകയുന്നു

admin
|
3 Jun 2018 1:15 PM IST

ഭരണമാറ്റമുണ്ടായതോടെ വകുപ്പിലെ ജീവനക്കാര്‍ തമ്മിലുള്ള രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായാണ് അപ്രതീക്ഷിത സ്ഥലംമാറ്റം നല്‍കിയിരിക്കുന്നതെന്നാണ് ആക്ഷേപം.

ഫയര്‍ഫോഴ്സിലെ കൂട്ടസ്ഥലമാറ്റത്തിനെതിരെ ഉദ്യോഗസ്‍ഥര്‍ക്കിടയില്‍ അതൃപ്തി പുകയുന്നു. രണ്ട് ദിവസത്തിനുള്ളില്‍ 200ഓളം പേരെയാണ് വകുപ്പില്‍ സ്ഥലം മാറ്റിയത്. ഭരണമാറ്റമുണ്ടായതോടെ വകുപ്പിലെ ജീവനക്കാര്‍ തമ്മിലുള്ള രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായാണ് അപ്രതീക്ഷിത സ്ഥലംമാറ്റം നല്‍കിയിരിക്കുന്നതെന്നാണ് ആക്ഷേപം. ഫയര്‍മെന്‍, ലീഡിങ് ഫയര്‍മെന്‍, അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍. ഡ്രൈവര്‍ തുടങ്ങിയ തസ്തികകളിലെ ഇരുനൂറോളം പേര്‍ക്കാണ് സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. ഉത്തരവില്‍ ഫയര്‍ഫോഴ്സ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയുടെ പേരുണ്ടെങ്കിലും ഒപ്പിട്ടിരിക്കുന്നത് അഡ്മിനിസ്ട്രേഷന്‍ ചുമതലയുള്ള മാനേജര്‍ കെ ജയകുമാറാണ്.

മെയ് 30, 31 തീയതികളിലായി ഇറങ്ങിയതായാണ് ഉത്തരവില്‍ കാണിച്ചിട്ടുള്ളത്. എന്നാല്‍ ഉത്തരവ് കിട്ടുന്നത് ജൂണ്‍ നാലിന് വൈകീട്ടാണ്. ജൂണ്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറന്ന ശേഷം കാരണം കൂടാതെയുള്ള സ്ഥലംമാറ്റം പാടില്ലെന്ന ഹൈക്കോടതി നിര്‍ദേശം മറികടക്കാനാണ് ഇങ്ങനെ തീയതി വെച്ചതെന്നും ആക്ഷേപമുണ്ട്. ഇപ്പോള്‍ ജോലി ചെയ്യുന്ന ഇടങ്ങളില്‍ മക്കളെ വിദ്യാലയങ്ങളില്‍ ചേര്‍ത്തവര്‍ക്ക് പെട്ടെന്ന് സ്ഥലം മാറേണ്ടിവരുന്നത് പ്രായോഗികമായ പ്രയാസങ്ങളുണ്ടാക്കും. ഇത്രയധികം പേരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നത് സര്‍ക്കാറിനും അനാവശ്യ സാമ്പത്തിക ബാധ്യതയാണ്. പ്രത്യേക ട്രാവല്‍ അലവന്‍സ്, എട്ട് ദിവസത്തെ അവധി ദിനങ്ങളിലെ ശമ്പളം തുടങ്ങിയ ഇനത്തില്‍ ലക്ഷക്കണക്കിന് രൂപ വേണ്ടിവരും. ഉദ്യോഗസ്ഥരെ ദ്രോഹിക്കുന്ന നടപടികള്‍ ഉണ്ടാവില്ലെന്ന് ആഭ്യന്തര വകുപ്പിന്‍റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫയര്‍ഫോഴ്സിലെ കൂട്ട സ്ഥലംമാറ്റ നടപടി.

Similar Posts