< Back
Kerala
Kerala

അംബേദ്കര്‍ കോളനിയിലെ അയിത്തം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

admin
|
5 Jun 2018 5:29 AM IST

ചക്ലിയ സമുദായത്തെ അധിക്ഷേപിച്ച എംഎല്‍എ മാപ്പുപറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മുതലമട പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി..

ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ അയിത്തവും ജാതിവിവേചനവും സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവം സംബന്ധിച്ച് വിശദമായി അന്വേഷിക്കാന്‍ ജില്ലാ കലക്ടറോടും ജില്ലാ പൊലീസ് മേധാവിയോടും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഗോവിന്ദാപുരത്തെ ചക്ലിയ സമുദായത്തെ അധിക്ഷേപിച്ച എംഎല്‍എ മാപ്പുപറയണമെന്നാവശ്യപ്പെട്ട് മുതലമട പഞ്ചായത്തിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി.

സിഎന്‍പുരം സ്വദേശി ബോബന്‍ മാട്ടുമന്ത നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ്. അംബേദ്കര്‍ കോളനിയില്‍ ചക്ലിയര്‍ക്ക് പ്രത്യേകമായി ചായക്കടയും ബാര്‍ബര്‍ ഷോപ്പും കുടിവെള്ള ടാങ്കുകളുമുണ്ടെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. സവര്‍ണ ജാതിക്കാരുടെ വീട്ടുമുറ്റത്ത് ചെരിപ്പിട്ട് കയറരുത്, മുറ്റത്തിനപ്പുറം കടക്കരുത്, മേല്‍ജാതിക്കാര‍് വെള്ളമെടുക്കുമ്പോള്‍ പൊതുടാപ്പിനടുത്തേക്ക് വരരുത്. തുടങ്ങിയ ദുരാചാരങ്ങള്‍ അവിടെ നിലനില്‍ക്കുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ജൂലൈ ഇരുപതിനകം വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പാലക്കാട് ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും കമ്മീഷനംഗം കെ. മോഹന്‍കുമാര്‍ നിര്‍ദേശം നല്‍കി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അംബേദ്കര്‍ കോളനി സന്ദര്‍ശിച്ചു. ചക്ലിയരെ അധിക്ഷേപിച്ച കെ ബാബു എംഎല്‍എക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. കെ ബാബു എംഎല്‍എ മാപ്പു പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുതലമട പഞ്ചായത്തോഫീസിലേക്ക് മാര്‍ച്ച് നടത്തി. ഡിസിസി പ്രസിഡന്‍റ് വി.കെ ശ്രീകണ്ഠന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു

Related Tags :
Similar Posts